
മഹാരാഷ്ട്രയിലെ ഗട് ചിറോളിയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ പതിനഞ്ച് QRT പൊലീസുകാരും വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. മഹാരാഷ്ട്രാ പോലീസിന്റെ എലീറ്റ് കമാൻഡോ സംഘമാണ് ക്വിക്ക് റെസ്പോൺസ് ടീം അഥവാ QRT . ഏതൊരു അടിയന്തിര സാഹചര്യത്തിലും ഉടനടി പ്രതികരിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രത്യേക ട്രെയിനിങ്ങ് നൽകി രൂപം കൊടുത്തിട്ടുള്ള QRT പലപ്പോഴും ആന്റി മാവോയിസ്റ്റ് ഓപ്പറേഷനുകളുടെ യുദ്ധമുഖത്തേക്ക് നിയോഗിക്കപ്പെടുന്ന ഒരു കമാൻഡോ സംഘമാണ്. ഈ സ്‌പെഷ്യൽ ടീമിന്റെ വാഹനമാണ് ഐഇഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്.
ഈ സ്‌ഫോടനത്തിനു പിന്നിൽ, നമ്പല കേശവ റാവു എന്ന ബസവരാജ് നേതൃത്വം കൊടുക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയാണ് എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ഈയടുത്താണ് മുപ്പള ലക്ഷ്മണ റാവു എന്ന ഗണപതിയിൽ നിന്നും ബസവരാജ് സിപിഐ (മാവോയിസ്റ്റ്) യുടെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്.
ആരാണ് ഈ ബസവരാജ് ?
ആന്ധ്രപ്രദേശിലെ ജിയണ്ണപേട്ട് ഗ്രാമത്തിലാണ് ബസവരാജിന്റെ ജനനം. വാറങ്കൽ എൻഐടിയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദമുള്ള ബസവരാജ് എന്ന അറുപത്തിമൂന്നുകാരന്റെ ഏറ്റവും വലിയ ശക്തി സമര തന്ത്രങ്ങളിലുള്ള പരിചയവും, സ്ഫോടകവസ്തുക്കളിൽ, വിശേഷിച്ച് ഐഇഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇമ്പ്രൂവൈസ്ഡ് എക്പ്ലോസീവ് ഡിവൈസുകളെ തയ്യാർ ചെയ്യുന്നതിലും, കൃത്യമായി ട്രിഗർ ചെയ്യുന്നതിലുമുള്ള വൈദഗ്ദ്യവുമാണ്.
ഈ മാവോയിസ്റ്റ് സംഘടനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷനാണ് ഗറില്ലാ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. അതിന്റെ ബുദ്ധികേന്ദ്രം ബസവരാജ് ആണ് എന്നാണ് ഇന്റലിജൻസ് കേന്ദ്രങ്ങൾ പറയുന്നത്. മൂന്നു പതിറ്റാണ്ടുകളിൽ അധികമായി മാവോയിസ്റ്റ് ബന്ധമുള്ള ബസവരാജു ഒട്ടുമിക്കപ്പോഴും ഉളിവിലായിരുന്നു കഴിഞ്ഞിരുന്നത്. ഒരേയൊരു തവണ മാത്രമാണ് അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളത്.സിപിഐ എംഎൽ-പീപ്പിൾസ് വാർ ഗ്രൂപ്പ് ബന്ധങ്ങളുണ്ടായിരുന്ന റാഡിക്കൽ സ്റ്റുഡന്റസ് യൂണിയൻ (RSU) എന്ന സംഘടനയും കോളേജിലെ അവരുടെ എതിർ സംഘടനയായ ആർഎസ്എസ് അനുഭവമുള്ള എബിവിപിയും തമ്മിലുണ്ടായ സംഘട്ടനങ്ങളെത്തുടർന്ന് 1980-ലാണ് ആദ്യമായും അവസാനമായും ബസവരാജു പോലീസ് കസ്റ്റഡിയിൽ ആവുന്നത്. അതിനു ശേഷം ഇന്നോളം പോലീസ് ഓപ്പറേഷനുകൾക്കൊന്നും പിടി കൊടുക്കാതെ മുങ്ങി നടക്കുകയാണ്. എഞ്ചിനീയറിങ്ങ് പശ്ചാത്തലവും എക്സ്പ്ലോസിവ് പരിചയവുമുള്ള ബസവരാജു തലപ്പത്തു വന്നതോടെകൂടുതൽ അപകടകാരിയായിരിക്കുകയാണ് സിപിഐ (മാവോയിസ്റ്റ്) എന്ന ഈ സംഘടന.
ഗട് ചിറോളിയില്‍ നടന്ന ആക്രമണം ഏറെ ആസൂത്രിതമായ ഒന്നായിരുന്നു. പുലർച്ചെ 3.30യ്ക്കായിരുന്നു സ്ഫോടനം. ഏകദേശം 30 കിലോഗ്രാമോളം വരുന്ന സ്ഫോടകവസ്തുക്കൾ ഈ ആക്രമണത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു. പ്രധാനമായും ഉപയോഗിച്ച വസ്തു, വ്യവസായികാവശ്യത്തിന് ഉപയോഗിച്ച് വരുന്ന ജെലാറ്റിൻ സ്റ്റിക്കുകളാണ് ഐഇഡി രൂപത്തിൽ ഉപയോഗിക്കപ്പെട്ടത്. ആക്രമണത്തിൽ ചിന്നഭിന്നമായിപ്പോയി കമാൻഡോ സംഘം സഞ്ചരിച്ച സ്വകാര്യവാഹനം .
QRT ടീം പോവുന്ന വഴിയിൽ ഉണ്ടായിരുന്ന ഒരു കലുങ്കിന് ചുവട്ടിലായാണ് ഈ ബോംബ് സ്ഥാപിച്ചത്. അതിനെ ഒരു ട്രിഗർ സ്വിച്ച് ഉപയോഗിച്ച് കൃത്യമായി പോലീസ് വാഹനം കലുങ്കിന്റെ മുകളിൽ എത്തിയപ്പോൾ പൊട്ടിക്കുകയായിരുന്നു. ആ ഭാഗത്തെ റോഡിന്റെ ചെരിവു കാരണം ചെറുതായി ഒന്ന് സ്ലോ ചെയ്ത ശേഷം മാത്രമേ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയുമായിരുന്നുള്ളൂ. ഇത് മുതലെടുത്താണ് കൃത്യമായി സൈനികരുടെ വാഹനം കലുങ്കിന്റെ മുകളിൽ വന്നപ്പോൾ തന്നെ മാവോയിസ്റ്റുകൾ ബോംബ് ഡിറ്റണേറ്റ് ചെയ്തത്. അതിന് തൊട്ടുമുമ്പ് SDOയുടെ കാർ അതിനു മുകളിലൂടെ പോയപ്പോഴും IED പൊട്ടിക്കാഞ്ഞതിൽ നിന്നും ടാർഗറ്റ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അവർക്കുണ്ടായിരുന്നു എന്നാണ് മനസിലാവുന്നത്. വളരെ ശക്തമായ ആ സ്‌ഫോടനത്തിൽ ശരീരങ്ങൾ അറുപതടി ദൂരം വരെ തിരിച്ചുപോയിരുന്നു.
പുരഡ സ്റ്റേഷനിൽ നിന്നും അന്നുപുലർച്ചെ ഒന്നരയോടെ ഒരു തീവെപ്പ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അവിടേക്ക് പോവുകയായിരുന്നു QRT ടീം. ബേസിൽ നിന്നും പുറപ്പെട്ട ആറു കിലോമീറ്ററിനുള്ളിലായിരുന്നു ഈ സ്ഫോടനം. ആ തീവെപ്പ് തന്നെ ഒരു ക്‌ളാസിക് ട്രാപ്പ് ആയിരുന്നു. അതും ചെയ്തത് മാവോയിസ്റ്റ് സംഘം തന്നെയായിരുന്നു. പ്രദേശത്തെ ഒരു കോൺട്രാക്ടറുടെ ഇരുപത്തേഴു വണ്ടികൾക്ക് അന്നേദിവസം പുലർച്ചെ അവർ തീയിട്ടു. ഈ സംഭവം പോലീസ് ചാനലുകൾ വഴി QRT ടീമിൽ എത്തുമെന്നും അവർ അതിന്മേൽ നടപടിയെടുക്കാനായി പുറപ്പെട്ടു വരുമെന്നും നന്നായി അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ ആ കലുങ്കിൽ ബോംബുമായി അവരെ കാത്തിരുന്നത്. റോഡരികിലെ മരങ്ങളുടെ മറവിലിരുന്നാണ് അവർ കൃത്യമായി ബോംബ് ട്രിഗർ ചെയ്തത്.
2017 ഫെബ്രുവരിയിൽ നടന്ന ഇവരുടെ സെൻട്രൽ കമ്മിറ്റി മീറ്റിങ്ങിലാണ് പഴയ നേതാക്കൾ താരതമ്യേന യുവരക്തങ്ങൾക്ക് പടിയിറങ്ങിക്കൊടുത്തത്. വിദ്യാഭ്യാസവും ബൗദ്ധിക നിലവാരവും കൂടുതലുള്ള യുവാക്കൾ ഇതിന്റെ തലപ്പത്തു വരണം എന്ന ആവശ്യം പശ്ചാത്തലത്തിൽ മുഴങ്ങാൻ തുടങ്ങിയിട്ട് ഏറെ നാളായിരുന്നു. ഇതിനു മുമ്പ് സിപിഐ (മാവോയിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായിരുന്ന ഗണപതി ഒരു സ്‌കൂൾ മാസ്റ്ററായിരുന്നു. അദ്ദേഹത്തേക്കാൾ മിലിട്ടറി തന്ത്രങ്ങളിൽ പരിചയമുണ്ട് എഞ്ചിനീയറിങ്ങ് പശ്ചാത്തലമുള്ള ബസവരാജിന്. അതുകൊണ്ടുതന്നെ സർക്കാർ സംവിധാനങ്ങൾക്കും, ആന്റി-നക്സൽ സേനകൾക്കും എതിരെയുള്ള ആക്രമണങ്ങൾ വരും നാളുകളിൽ കൂടുതൽ ശക്തിപ്പെട്ടുവരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ മാവോയിസ്റ്റ് അക്രമണങ്ങൾക്കിരയായി മരിച്ചത് 390 ഭടന്മാരാണെന്നാണ് കോൺഗ്രസ് നേതാവായ രൺദീപ് സിങ്ങ് സുർജേവാല പറഞ്ഞത്. ആക്രമണങ്ങളെ സർക്കാർ അപലപിക്കുന്നുവെന്നും, സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam