
മുംബൈ: കോളിളക്കം സൃഷ്ടിച്ച കേതൻ അഗർവാൾ കൊലക്കേസിൽ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ സിയ അഗർവാളിനെ നുണപരിശോധനയ്ക്ക് വിധേയയാക്കാനായി പൊലീസ് കോടതിയെ സമീപിച്ചു. കേതനെ മലയിടുക്കിലേക്ക് തള്ളിയിട്ടത് ആരാണെന്ന് ഉറപ്പിക്കാൻ ഇതുവരെ കൃത്യമായ തെളിവുകളോ ദൃക്സാക്ഷിമൊഴികളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നുണപരിശോധനയ്ക്ക് കോടതിയെ സമീപിച്ചിരിക്കുന്നത്. കേതനെ താനാണ് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന സിയയുടെ മൊഴി മാത്രമാണ് നിലവിൽ പൊലീസിന്റെ മുന്നിലുള്ളത്. എന്നാൽ, ഇക്കാര്യം കോടതിക്ക് മുന്നിൽ തെളിയിക്കാനുള്ള മറ്റുതെളിവുകളില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ കണ്ടെത്താനായി നുണപരിശോധന നടത്താനുള്ള നീക്കവുമായി പൊലീസ് മുന്നോട്ടുപോകുന്നത്.
കേസിൽ സിയ ഗോയലിന്റെയും കാമുകനായ ചേതൻ ചൗധരിയുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇനിയുള്ള അന്വേഷണത്തിന് നുണപരിശോധന ആവശ്യമാണെന്നാണ് പൊലീസിന്റെ നിലപാട്. നുണപരിശോധനയിൽ നിർണായകമായ പലവിവരങ്ങളും ലഭിച്ചേക്കുമെന്നും പൊലീസ് പറയുന്നു.
കേസന്വേഷണത്തിൽ പരിമിതമായ തെളിവുകൾ മാത്രമുള്ള സാഹചര്യത്തിലാണ് പൊലീസ് നുണപരിശോധന നടത്താറുള്ളത്. എന്നാൽ, നുണപരിശോധന ഫലം പ്രധാന തെളിവായി കോടതി അംഗീകരിക്കാറില്ല. മറിച്ച് അന്വേഷണത്തിൽ കൂടുതൽവിവരങ്ങളും തെളിവുകളും കണ്ടെത്താനായാണ് പൊലീസ് നുണപരിശോധനയെ ആശ്രയിക്കുന്നത്. അതേസമയം, നുണപരിശോധനയ്ക്ക് മുൻപ് നിയമപരവും സാങ്കേതികപരവുമായ ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സിയ ഗോയലിന്റെ അഭിഭാഷകനായ വിപുൽ ദുശിങ് പ്രതികരിച്ചു. നുണപരിശോധനയ്ക്ക് പ്രതിയുടെ അനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam