കെജ്രിവാള്‍ 'ആപ്പ്' വയ്ക്കുന്നത് ആര്‍ക്ക്, കോൺഗ്രസിനോ ബിജെപിയ്‍ക്കോ ?; ഗുജറാത്തില്‍ ആര് വാഴും...

By Sreenath ChandranFirst Published Nov 6, 2022, 7:37 AM IST
Highlights

ബിജെപി തുടർഭരണം നേടുമെന്നാണ് സർവേ ഫലങ്ങൾ. കാര്യങ്ങൾ ബിജെപിക്ക് ശരിക്കും അനുകൂലമാണോ? കോൺഗ്രസ് തിരിച്ച് വരില്ലേ? ആംആദ്മി വന്നത് ഭരണം പിടിക്കാനോ വോട്ട് പിളർത്താനോ? ഗുജറാത്ത് രാഷ്ട്രീയത്തിൽ ഇപ്പോൾ സംഭവിക്കുന്നതെന്താണ്?

ദില്ലി: ഗുജറാത്തെന്നാൽ ബിജെപിയെന്നൊരു പൊതുബോധമുണ്ട്. കാൽ നൂറ്റാണ്ടിലേറെയായി ബിജെപി ഭരിക്കുന്ന സംസ്ഥാനം. മോദിയുടേയും അമിത് ഷായുടേയും തട്ടകം. പ്രതിപക്ഷത്ത് ദുർബലമായ കോൺഗ്രസ്. ആപ്പ് വന്നതോടെ തെരഞ്ഞെടുപ്പിന് ചൂട് പിടിച്ചെന്നത് സത്യമാണ്. പക്ഷെ ബിജെപി തുടർഭരണം നേടുമെന്നാണ് സർവേ ഫലങ്ങൾ. കാര്യങ്ങൾ ബിജെപിക്ക് ശരിക്കും അനുകൂലമാണോ? കോൺഗ്രസ് തിരിച്ച് വരില്ലേ? ആംആദ്മി വന്നത് ഭരണം പിടിക്കാനോ വോട്ട് പിളർത്താനോ? ഗുജറാത്ത് രാഷ്ട്രീയത്തിൽ ഇപ്പോൾ സംഭവിക്കുന്നതെന്താണ്?

ബിജെപിയുടെ പ്രതീക്ഷകൾ 

കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഗാന്ധിനഗറിലെ ബിജെപിയുടെ വമ്പൻ പാർട്ടി ആസ്ഥാനത്ത് പോയത്. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ആയിരുന്ന ഹാർദ്ദിക് പട്ടേലിനെ പാർട്ടിയിലേക്ക് സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. കോൺഗ്രസിന്‍റെ ശവക്കല്ലറയിലെ അവസാന ആണിയും അടിക്കുകയാണെന്ന് ഒരു മഹിളാ മോർച്ചാ നേതാവ് പരിഹാസരൂപേണ പറഞ്ഞു. അത്രമേൽ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. അതിനുള്ള കാരണങ്ങളൊന്ന് നോക്കാം.

1. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പട്ടേൽ വിഭാഗത്തിന്‍റെ എതിർപ്പ്, ജിഎസ്ടിയോടുള്ള വ്യാപാരികളുടെ അമർഷം, കർഷക പ്രശ്നങ്ങൾ തുടങ്ങീ ഭരണ വിരുധ വികാരം കുറച്ച് കൂടി ശക്തമായിരുന്നു. ഇന്ന് അത് ഇല്ല.

2. പ്രധാനമന്ത്രി നേരിട്ട് എത്തി നടത്തിയ പ്രചാരണം, വമ്പൻ പദ്ധതികളുടെ ഉദ്ഘാടനം. സംസ്ഥാനത്ത് വികസന മേളയെന്ന പ്രതീതി ഉണ്ട്.

3. മോദി, അമിത് ഷാ ഫാക്ടർ ഗുജറാത്തിൽ സ്വാഭാവികമായ മേൽകൈ നൽകുന്നുണ്ട്.

4. പട്ടേൽ വിഭാഗക്കാർ ഇത്തവണ കോൺഗ്രസിനൊപ്പം നിൽക്കില്ല.

4. മുഖ്യമന്ത്രിയെ മാറ്റിയുള്ള പരീക്ഷണം വിജയം ചെയ്തെന്നാണ് വിലയിരുത്തൽ. 

5. ചിട്ടയായ പ്രചാരണവും ശക്തമായ സംഘടനാ സംവിധാനവും

താമരയെ വാട്ടാനുള്ളതും ഗുജറാത്തിൽ സംഭവിച്ചിട്ടുണ്ട്. 

1. ഏറ്റവും ഒടുവിലുണ്ടായ മോർബി ദുരന്തം സർക്കാരിന്‍റെ പ്രതിഛായയ്ക്ക് ഉണ്ടാക്കിയ മങ്ങൽ ചെറുതല്ല. 

2. ബിൽക്കിസ് ബാനു കേസിൽ ക്രൂര കുറ്റകൃത്യം നടത്തിയ പ്രതികളെ ശിക്ഷാ ഇളവ് നൽകി പുറത്തിറക്കിയത് തിരിച്ചടിച്ചേക്കാം. 

3. സംസ്ഥാന നേതൃത്വത്തിൽ ഇപ്പോൾ കരുത്തരായ നേതാക്കളില്ല. 

4. കൂറ് മാറിയെത്തിയവരും പാർട്ടിയിലുള്ളവരും തുടങ്ങീ ഉൾപ്പാർട്ടി തർക്കങ്ങൾ ശക്തമാണ്.

5. വിലക്കയറ്റവും തൊഴിലില്ലായ്മയും 

6. തുർച്ചയായ ഭരണം സ്വാഭാവികമായി ഉണ്ടാക്കുന്ന എതിർ വികാരം.

7. ഉയർന്ന വൈദ്യുതി നിരക്ക്, രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന തുക ഒരുപക്ഷേ ഗുജറാത്തിലായിരിക്കും

8. നഗര വികസനം ചൂണ്ടിക്കാട്ടുമ്പോഴും ഗ്രാമങ്ങളിലെ വികസന മുരടിപ്പ്.

തിരിച്ചു വരുമോ കോൺഗ്രസ് ?

ഗുജറാത്തിൽ ആംഅദ്മി പാർട്ടി രംഗത്തിറങ്ങിയതോടെ പണി കിട്ടാൻ പോവുന്നത് കോൺഗ്രസിനെന്ന് ഒരു വിലയിരുത്തലുണ്ട്. തിരിച്ച് വരവിന് ഒരുങ്ങുന്ന കോൺഗ്രസിന് കൂനിൻമേൽ കുരു പോലെ ആണ് ആപ്പെന്നതിൽ തർക്കമില്ല. സർവേ ഫലങ്ങൾ തെറ്റിച്ച്കൊണ്ടൊരു വിജയമാണ് കോൺഗ്രസുകാർ കാത്തിരിക്കുന്നത്. പ്രതീക്ഷ ജ്വലിപ്പിക്കുന്ന ഘടകങ്ങളൊന്ന് നോക്കാം

1. 2002 ന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചെങ്കിലും അവരുടെ സീറ്റ് നില കുറഞ്ഞ് വരുന്നു

2. എക്കാലവും 40 ശതമാനം വോട്ടെങ്കിലും ലഭിക്കാറുണ്ട്. നേതാക്കൾ കൂറ് മാറിയാലും വോട്ട് ബാങ്ക് ചോരില്ലെന്ന പ്രതീക്ഷ

3. ഗ്രാമ മണ്ഡലങ്ങളിലുള്ള സ്വാധീനം. ഗോത്രമേഖലകളിലും കോൺഗ്രസിനാണ് എക്കാലവും മുൻതൂക്കം

4. ജിഗ്നേഷ് മോവാനിയെപ്പോലെ യുവ നേതാക്കളുടെ സാനിധ്യം

വീണ്ടും കൈപൊള്ളുമോ?

പക്ഷെ നിലവിലെ സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ചാൽ കോൺഗ്രസുകാരുടെ പ്രതീക്ഷ അതിമോഹമല്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാകില്ല. കഴിഞ്ഞ തവണത്തെക്കാൾ മോശമാണ് സംസ്ഥാനത്ത് പാർട്ടിയുടെ പൊതു സ്ഥിതി. തിരിച്ചടിച്ചേക്കാവുന്ന ഘടകങ്ങളൊന്ന് നോക്കാം

1. നേതാക്കളുടെ കൊഴിഞ്ഞ് പോക്കിൽ വലയുന്ന പാർട്ടി. ബിജെപി പാളയത്തിലേക്ക് പോയവരിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് അടക്കമുള്ളവർ

2. പ്രചാരണത്തിൽ ഏറെ പിന്നിൽ. ദേശീയ നേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയുടെ തിരക്കിൽ. സംസ്ഥാന നേതൃത്വം ഒറ്റപ്പെട്ട അവസ്ഥ

3.കഴിഞ്ഞ തവണ തുണച്ച പട്ടേൽ വിഭാഗം ഇപ്പോൾ വിഭാഗം ഒപ്പമില്ല. ഹാർദ്ദിക് പട്ടേൽ ബിജെപിയിലേക്കും പോയി. 

4. ആപ്പ് വന്നതോടെ ഭരണ വിരുധ വോട്ടുകൾ ഭിന്നിക്കപ്പെടും. 

ആപ്പ് വന്നു, പക്ഷെ ആപ്പ് വയ്ക്കുക ആർക്ക് ?

ആംആദ്മിപാർട്ടിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കളറാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിച്ച പാർട്ടിയാണ്. അന്ന് പലയിടത്തും കെട്ടിവച്ച കാശ് പോയി. അഞ്ചുവർഷക്കാലം നടത്തിയ ചിട്ടയായ പ്രവർത്തനത്തിന്‍റെ വിളവെടുപ്പാണ് പാർട്ടി ലക്ഷ്യമിടുന്നത്.എന്നാൽ ആംആദ്മി പാർട്ടി തലവേദനയാവുക കോൺഗ്രസിന് മാത്രമല്ല. ബിജെപിക്ക് കൂടിയാണ്.  ഗുജറാത്തിൽ നഗരമണ്ഡലങ്ങളിൽ ബിജെപിക്കാണ് മുൻതൂക്കം. ഗുജറാത്തിൽ  73 നഗര മണ്ഡലങ്ങളിൽ 55ഉം കഴിഞ്ഞ തവണ ബിജെപിയാണ് ജയിച്ചത്. നഗരമണ്ഡലങ്ങളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാറുള്ള ആംആദ്മി ഗുജറാത്തിലേക്കെത്തുമ്പോൾ ബിജെപി ക്യാമ്പിൽ ആശങ്കയ്ക്ക് വകയുണ്ട്. കോൺഗ്രസിനും ഇതുപോലൊരു പ്രശ്നമുണ്ട്. 

കോൺഗ്രസുമായി അകന്ന പട്ടേൽ വിഭാഗം ബിജെപിയെക്കാൾ ആപ്പിനെ തുണയ്ക്കുമെന്നാണ് സൂചന. അൽപേഷ് കത്തരിയ, ധർമ്മിക് മാൽവിയ എന്നീ പട്ടേൽ സമുദായ സമര നേതാക്കൾ ആപ്പിൽ ചേർന്നു.ആ സമുദായത്തിന്  കരുത്തുള്ള സൗരാഷ്ട്ര മേഖലയിൽ ആംആദ്മി നേട്ടമുണ്ടാക്കിയാൽ അത്ഭുതമില്ല. സൗരാഷ്ട്രയിൽ 30 സീറ്റുകളിൽ ആകെ പോൾ ചെയ്ത വോട്ടിന്‍റെ 1 ശതമാനത്തിന്‍റെ ഭൂരിപക്ഷം മാത്രമാണ് ജേതാവിനെ നിശ്ചയിച്ചതെന്ന് ഓർക്കണം. ആപ്പിന്‍റെ പ്രതീക്ഷകൾ ഒന്ന് പരിശോധിക്കാം.

Read More : ഗുജറാത്തില്‍ ഇത്തവണയും ബിജെപി തന്നെ അധികാരത്തിലേറുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ

1. പ്രചാരണത്തിലെ മുൻതൂക്കം. മാസങ്ങൾക്ക് മുൻപേ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥിയെയും.

2. മാറ്റം ആഗ്രഹിക്കുന്ന വോട്ടർമാർക്ക് മുന്നിൽ ബദലായി മാറുന്നത്

3. കെജരിവാളിന്‍റെ ഹിന്ദുത്വ നിലപാടുകളും മാറിയ നയങ്ങളും. ഒപ്പം മുസ്ലീം വോട്ടും ഒപ്പമുണ്ടാവുമെന്ന പ്രതീക്ഷ

4. പട്ടേൽ വിഭാഗവും അടുത്ത് നിൽക്കുന്നു.

5. ജയിച്ചാൽ നടപ്പാക്കുമെന്ന് പറയുന്ന സൗജന്യ വാഗ്ദാനങ്ങളുടെ പെരുമഴ 

എളുപ്പമാവില്ല ഒന്നും

1. ശക്തമായ സംഘടനാ സംവിധാനം ഇപ്പോഴും ഗുജറാത്തിൽ പാർട്ടിക്കില്ല. വിവിധ കമ്മറ്റികൾ ഈ വ‍ർഷം പിരിച്ച് വിടുകയും  ചെയ്തിരുന്നു

2. അരവിന്ദ് കെജരിവാളും ദില്ലി പഞ്ചാബ് നേതാക്കളും തന്നെയാണ് പ്രചാരണം നയിക്കുന്നത്. സംസ്ഥാനത്ത് കരുത്തരായ നേതാക്കളില്ല

3. നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങൾ ഉണ്ടാക്കിയ പ്രതിഛായാ നഷ്ടം

click me!