ബിബിസി ഡോക്യുമെന്‍ററി വിവാദം സുപ്രീം കോടതിയിലേക്ക്; സോഷ്യല്‍ മീഡിയ വിലക്ക് എന്തിന്? ഹര്‍ജിയുമായി അഭിഭാഷകൻ

By Web TeamFirst Published Jan 30, 2023, 10:18 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

ദില്ലി: ബിബിസി ഡോക്യുമെന്‍ററി വിവാദം സുപ്രീം കോടതിയിലേക്ക്. സാമൂഹ്യ മാധ്യമങ്ങളിൽ ഡോക്യുമെന്‍ററി നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി സമര്‍പ്പിച്ചു. അഭിഭാഷകൻ എം എൽ ശർമ്മയാണ് ഹർജിക്കാരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. പൗരാവാകാശ പ്രവര്‍ത്തകര്‍ അടക്കം ഡോക്യുമെന്‍ററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെന്ററി ആഗോള തലത്തിൽ തന്നെ മോദി സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നാണ് ബിജെപിയുടെ  വിലയിരുത്തൽ. ബിബിസിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് കേന്ദ്ര മന്ത്രമാര്‍ അടക്കം ഉയര്‍ത്തിയത്. എന്നാല്‍, ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്നാണ് ബിബിസി വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ല.

ഡോക്യുമെന്‍ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി വിശദീകരണത്തില്‍ വ്യക്തമാക്കി. ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ ശക്തമായി വിദേശകാര്യ മന്ത്രാലയവും ശക്തമായി പ്രതികരിച്ചിരുന്നു.

ബിബിസിയുടെ കൊളോണിയൽ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്‍ററി സീരിസെന്നും ഇതൊരു അജണ്ടയാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികണം.  ഡോക്യുമെന്‍ററി ആസൂത്രിതമാണെന്നും വസ്തുതകൾക്ക് നിരക്കത്തതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

ഗുജറാത്ത് പഞ്ചായത്ത് ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി, 15 പേർ അറസ്റ്റിൽ

click me!