
ദില്ലി: ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസം താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു യുവാവ് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ കോളേജുകളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ സ്കൂള്‍ കുട്ടികളായാണ് പരിഗണിക്കുന്നതെന്നും വിദേശ വിദ്യാഭ്യാസം സ്വയം പര്യാപ്തമായ ഒരു പൗരനെ വാര്‍ത്തെടുക്കുന്നു എന്നുമാണ് യുവാവ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.
'എന്തുകൊണ്ടാണ് ഇന്ത്യയിലെ കോളേജ് സിസ്റ്റം ഇങ്ങനെ? കോളേജ് വിദ്യാര്‍ത്ഥികളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. നിങ്ങള്‍ എല്ലാവരും ഈ അവസ്ഥ അനുവഭവിച്ചിട്ടുണ്ടാവും. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശമുണ്ടാകും സ്വന്തമായി ബിസിനസ് ഉണ്ടാവും കല്ല്യാണം കഴിച്ചിട്ടുണ്ടാവും എന്നാലും കോളേജില്‍ അവര്‍ക്ക് രക്ഷാധികാരി നിര്‍ബന്ധമാണ്. നിയമപരമായി ഇന്ത്യന്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ മുതിര്‍ന്നവരാണെങ്കിലും ആ പരിഗണന ലഭിക്കുന്നില്ല' എന്നാണ് യുവാവിന്‍റെ പോസ്റ്റ്.
ഇന്ത്യയിലും വിദേശത്തും പഠിച്ചതിന്‍റെ അനുഭവത്തിലാണ് യുവാവിന്‍റെ കുറിപ്പ്. വിദേശത്ത് താന്‍ കണ്ടുമുട്ടിയ 23 ഉം 24 ഉം വയസുള്ള ഇന്ത്യന്‍ ചെറുപ്പക്കാര്‍ പക്വതയില്ലാത്തവരും കാര്യപ്രാപ്തിയില്ലാത്തവരുമാണ്, അതുപോലെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ജീവിതം വളരെ വിചിത്രമായതാണെന്നും കുട്ടികളെപോലെയാണ് അവിടെ യുവാക്കള്‍ ജീവിക്കുന്നതെന്നുമാണ് യുവാവ് കുറിപ്പില്‍ പറയുന്നത്. നമ്മള്‍ ഇതില്‍ എങ്ങനെ ഒരു മാറ്റം കൊണ്ടുവരും എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം