കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടംചേരല്‍: വര്‍ഗീയച്ചുവയുള്ള പരാമര്‍ശവുമായി കപില്‍ മിശ്ര

By Web TeamFirst Published Apr 14, 2020, 9:12 PM IST
Highlights
എന്തുകൊണ്ടാണ് ഇവര്‍ ജുമാമസ്ജിദിന് മുന്‍പില്‍ ഒന്നിച്ച് കൂടിയത്. ഏപ്രില്‍ 30വരെ മഹാരാഷ്ട്രയില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. അന്നുണ്ടാകാത്ത രീതിയില്‍ ആള്‍ക്കൂട്ടമുണ്ടായതിന് പിന്നില്‍ ഗൂഢാലോചനയാണെന്നാണ് കപില്‍ മിശ്ര
ദില്ലി: മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് മുന്നില്‍ കുടിയേറ്റത്തൊഴിലാളികള്‍ ഒത്തുചേര്‍ന്നതില്‍ വര്‍ഗീയച്ചുവയുള്ള പരാമര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. റെയില്‍വേ സ്‌റ്റേഷനു മുന്നിലുള്ള ജുമാമസ്ജിദുമായി ബന്ധപ്പെടുത്തിയാണ് കപില്‍ മിശ്രയുടെ ട്വീറ്റ്. 

ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രതിഷേധിച്ചത്. ഒരുമണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവില്‍ പൊലീസ് ലാത്തി വീശുകയായിരുന്നു. ബീഹാര്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരായിരുന്നു ഭൂരിഭാഗവും. ബാന്ദ്രയില്‍ നിന്ന് വൈകീട്ട് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നുണ്ടെന്ന് വ്യാജപ്രചാരണം നടന്നതിനെ തുടര്‍ന്നാണ് ഇവര്‍ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ തടിച്ചു കൂടിയത്. പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടന്നാണ് കപില്‍ മിശ്രയുടെ ആരോപണം.  എന്തുകൊണ്ടാണ് ഇവര്‍ പള്ളിക്കു മുന്‍പില്‍ ഒന്നിച്ച് കൂടിയതെന്ന് മിശ്ര ചോദിക്കുന്നു. വീടുകളിലേക്ക് മടങ്ങണമെന്ന ആവശ്യവുമായാണ് അവര്‍ ഒന്നിച്ച് കൂടിയതെങ്കില്‍ ഇവരുടെ പക്കലെന്താണ് ബാഗുകള്‍ ഇല്ലാത്തതെന്നും ട്വീറ്റില്‍ കപില്‍ മിശ്ര ചോദിക്കുന്നു. ആള്‍ക്കൂട്ടം പള്ളിക്കു മുന്നില്‍ കൂടിയതിനു പിന്നില്‍ ഗൂഢാലോചനയാണെന്നാണ് കപില്‍ മിശ്ര ആരോപിക്കുന്നത്.
 

तीन बड़े कड़वे सवाल -

1. अगर घर जाने वाले मजदूरों की भीड़ तो इनमें से किसी के भी पास बड़े बैग, थैले, समान क्यूं नहीं?

2. भीड़ जामा मस्जिद के सामने क्यूँ?

3. महाराष्ट्र में 30 अप्रैल तक का लॉकडाउन पहले से ही घोषित था तो आज हंगामा क्यूं?

ये साजिश हैं pic.twitter.com/vDSfWXHNKM

— Kapil Mishra (@KapilMishra_IND)

ബാന്ദ്രയില്‍ നിന്ന് വൈകീട്ട് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നുണ്ടെന്ന വ്യാജപ്രചാരണം നടന്നതായി പൊലീസ് പറയുന്നുണ്ട്.

തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അവസരം നല്‍കാതെ കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് സ്ഥിതി മോശമാക്കിയതെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ ആരോപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് വിമശിച്ചത്.  

ദില്ലിയില്‍ കപില്‍മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ നേരത്തെയും വിവാദമായിരുന്നു. കപില്‍ മിശ്രയുടെ പ്രസംഗമാണ് ദില്ലിയില്‍ കലാപം ഉണ്ടാക്കിയതെന്ന ആരോപണം രൂക്ഷമായിരുന്നു. തുടര്‍ന്ന്, മിശ്രക്കെതിരെ കേസ് എടുക്കണമെന്ന് ഹൈക്കോടതിയുടെ ഒരു ബെഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍, തൊട്ടുപിന്നാലെ ആ ജഡ്ജിന് സ്ഥലം മാറ്റമുണ്ടാവുകയും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് അക്കാര്യത്തില്‍ മിശ്രയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപനപരമായ പ്രസംഗങ്ങളിലൂടെയാണ് ആം ആദ്മി പാര്‍ട്ടിവിട്ട് ബി ജെ പിയിലെത്തിയ കപില്‍ മ്രിശ്ര ശ്രദ്ധ പിടിച്ചുപറ്റിയത്.
click me!