
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ബീഹാറിലെ ജെൻ സി വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനമൊന്നുമില്ലെന്ന് പാർട്ടി പ്രവർത്തകനും, ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ. ബീഹാറിലെ 'ജെൻ സി വോട്ടർമാർ ഒറ്റക്കെട്ടായ വിഭാഗമല്ല എന്നും, അവരുടെ സ്വഭാവങ്ങൾ തമ്മിൽ മാറ്റമുണ്ടെന്നും, രാഹുൽ ഗാന്ധിയുടെ ആഹ്വാനങ്ങൾക്കനുസരിച്ച് അവർ പ്രവർത്തിക്കില്ല എന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. എഎൻഐ ക്ക് നൽകിയ അഭിമുഖത്തിലാണ് പി.കെയുടെ ഈ വാദം.
രാഹുൽ ഗാന്ധിക്ക് ബീഹാറിൻ്റെ രാഷ്ട്രീയം, സംസ്കാരം, പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അറിവില്ലായ്മ ഉണ്ടെന്ന് പ്രശാന്ത് കിഷോർ വിമർശിച്ചു. രാഹുലിൻ്റെ സംസ്ഥാനത്തെ സന്ദർശനം വെറും 'ഷോ ബൈറ്റുകൾ' നൽകി മടങ്ങുന്നതിൽ ഒതുങ്ങുകയാണ്. "ബീഹാറിലെ ജനങ്ങൾ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, പിന്നെ എന്തിനാണ് ജെൻ സി അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്? ബീഹാറിലെ ജെൻ സിഎന്നത് ആരുടെയെങ്കിലും ആഹ്വാനത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒറ്റക്കെട്ടായ വിഭാഗമല്ല," പ്രശാന്ത് കിഷോർ പറഞ്ഞു.
ബീഹാർ തിരഞ്ഞെടുപ്പിൽ യുവജനങ്ങൾ ഒരു നിർണ്ണായക ഘടകമാണ് എന്ന കാര്യത്തിൽ പി.കെ.ക്ക് സംശയമില്ല. എന്നാൽ ഇതിന് പിന്നിലെ പ്രേരകശക്തി രാഷ്‌ട്രീയമാല്ല, മറിച്ച് തൊഴിലില്ലായ്മയും കുടിയേറ്റവുമാണ്.
ബീഹാർ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഒരു പ്രധാന ഘടകമല്ല എന്ന ശക്തമായ നിലപാടാണ് പ്രശാന്ത് കിഷോർ സ്വീകരിച്ചത്. സീമാഞ്ചൽ മേഖലയിൽ ഒഴികെ കോൺഗ്രസിന് ബീഹാറിൽ സ്വാധീനം ഇല്ലെന്നും ചൂണ്ടിക്കാട്ടി.
"ദേശീയ തലത്തിൽ വലിയ പാർട്ടിയായതുകൊണ്ട് മാധ്യമങ്ങൾ അവർക്ക് പ്രാധാന്യം നൽകുന്നുണ്ടാകാം. എന്നാൽ ബീഹാറിൻ്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കോൺഗ്രസ് ഒരു ചർച്ചാവിഷയമേയല്ലെന്നാണ് പി.കെയുടെ വാദം. എങ്കിലും, സീമാഞ്ചൽ മേഖലയിൽ മുസ്ലീങ്ങൾ ഇപ്പോഴും ആർജെഡിയേക്കാൾ കൂടുതൽ കോൺഗ്രസിനോട് ചായ്‌വ് കാണിക്കുന്നുണ്ടെന്നും പി.കെ കൂട്ടിച്ചേർത്തു.