നടൻ വിജയിന്‍റെ ഭാര്യയെ ചോദ്യം ചെയ്യുന്നു: ഭൂമിയിടപാടുകൾ പരിശോധിക്കുന്നു

By Web TeamFirst Published Feb 6, 2020, 4:25 PM IST
Highlights

നീലാങ്കരൈയിലുള്ള ഭൂമി വാങ്ങിയതും, പൂനമല്ലിയിലുള്ള കല്യാണമണ്ഡപം പണിഞ്ഞതും സംബന്ധിച്ചുള്ള കണക്കുകളാണ് പരിശോധിക്കുന്നത്. ഇത് നോക്കി നടത്തുന്നതുമായി ബന്ധപ്പെട്ട് വിജയിന്‍റെ ഭാര്യയെ ചോദ്യം ചെയ്യുകയാണ് ആദായനികുതി വകുപ്പ് എന്നാണ് സൂചന.

ചെന്നൈ: നടൻ വിജയിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് 24 മണിക്കൂറോളമാകുന്നു. വിജയിന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുന്നതെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായി വിജയിന്‍റെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുള്ളതെന്നാണ് സൂചന. 

ചെന്നൈ നീലാങ്കരൈയിൽ ഭൂമി വാങ്ങിയതും പൂനമല്ലിയിൽ കല്യാണമണ്ഡപം പണിഞ്ഞതും സംബന്ധിച്ചുള്ള കണക്കുകളും രേഖകളുമാണ് ഐടി വകുപ്പ് ഇപ്പോൾ പരിശോധിക്കുന്നത്. ''ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ചില രേഖകൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്'', എന്നാണ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. 

അതേസമയം, 'ബിഗിൽ' സിനിമയുടെ നിർമാതാവും എജിഎസ് സിനിമാസിന്‍റെ ഉടമയുമായ അൻപുച്ചെഴിയന്‍റെ വസതിയിൽ നിന്ന് 65 കോടി രൂപ കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്. ചെന്നൈയിലെ വസതിയിൽ നിന്ന് 50 കോടി രൂപയും മധുരയിലെ വസതിയിൽ നിന്ന് 15 കോടി രൂപയും കണ്ടെടുത്തു എന്നാണ് വിവരം. ഇന്നലെ മുതൽ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. 

നടന്‍ വിജയ്‍ക്ക് എതിരായ ആദായ നികുതി വകുപ്പ് നീക്കങ്ങളുടെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പുറമേ 'ബിഗില്‍' സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം വ്യാപക റെയ്ഡാണ് നടക്കുന്നത്. വിജയ് ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷാക്രമീകരണം വര്‍ധിപ്പിച്ചു. അതേസമയം നടികര്‍ സംഘം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്നലെ വൈകിട്ട് മുതല്‍ ആദായ നികുതി വകുപ്പ് നടത്തിയത് തമിഴ് സിനിമയിലെ സസ്‍പെൻസ് ത്രില്ലറിനെ വെല്ലുന്ന നീക്കങ്ങളാണ്. കടലൂരിനടുത്തുള്ള നെയ്‍വേലി ലിഗ്‍നൈറ്റ് കോർപ്പറേഷനിലെ 'മാസ്റ്റേഴ്സ്' എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തി ആദായനികുതി വകുപ്പ് വിജയ്‍ക്ക് സമന്‍സ് കൈമാറി. തുടർന്ന് ആദ്യഘട്ട ചോദ്യം ചെയ്യല്‍. ഷൂട്ടിങ്ങ് നിര്‍ത്തിവച്ചതിന് പിന്നാലെ നടനെ കാറില്‍ കയറ്റി  മണിക്കൂറോളം യാത്ര ചെയ്ത് ചെന്നൈയിലേക്കെത്തിച്ചു. വസതിയിലെത്തിച്ച് അര്‍ധരാത്രിയിലുമുള്ള ചോദ്യം ചെയ്യല്‍  നീണ്ടത് പുലര്‍ച്ചെ 2.30 വരെ.

ചെന്നൈ സാലിഗ്രാമത്തെ വിജയിയുടെ വസതികളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു. വിജയ് ബിഗിലിന്‍റെ പ്രതിഫലം കൈപ്പറ്റിയതിന്‍റെ രേഖകളും നിര്‍മ്മാണ കമ്പനിയുടെ കണക്കുകളുമായി വൈരുദ്ധ്യമുണ്ടെന്ന് വിശദീകരിക്കുന്ന ആദായ നികുതി വകുപ്പ്,  നടപടികള്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കുകയാണ്. 

അതേസമയം, സംയമനം പാലിക്കണമെന്നാണ് ആരാധകരോട് വിജയ് ഫാന്‍സ് അസോസിയേഷന്‍റെ നിര്‍ദേശം. ബിജെപി അനുകൂല നിലപാടുകളുടെ പേരില്‍ രജനീകാന്തിനെ ആദായ നികുതി വകുപ്പ് സംരക്ഷിക്കുന്നുവെന്നും ഇളയദളപതിയെ വേട്ടയാടുന്നുവെന്നും ആരോപിച്ചാണ് വിജയ് ആരാധകരുടെ ക്യാംപെയ്ന്‍.

click me!