
അഹമ്മദാബാദ്: ഗുജറാത്തിൽ, ഭക്ഷണത്തെച്ചൊല്ലിയുള്ള നീണ്ട തർക്കത്തിനൊടുവിൽ 23 വർഷം നീണ്ട ദാമ്പത്യബന്ധം കോടതി കയറി. ഒടുവിൽ ഹൈക്കോടതിയിലുമെത്തിയ കുടുംബ ജീവിതം വിവാഹമോചനത്തിൽ കലാശിച്ചു. വിശ്വാസപരമായ കാരണങ്ങളാൽ ഭാര്യ സവാളയും വെളുത്തുള്ളിയും കഴിക്കാൻ വിസമ്മതിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇത് തന്നോടുള്ള ക്രൂരതയും അവകാശ ലംഘനമാണെന്നും പറഞ്ഞാണ് ഭർത്താവ് വിവാഹമോചനം തേടിയത്. 2007-ൽ കുടുംബ കോടതിയിൽ നൽകിയ ഹർജിയിലാണ് കേസിന്റെ തുടക്കം. കോടതി വിവാഹമോചനം അനുവദിച്ചതിനെ തുടർന്ന് ഭാര്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി കീഴ്ക്കോടതിയുടെ തീരുമാനം ശരിവെച്ച് ഹർജി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ സംഗീത വിഷൻ, നിഷ താക്കൂർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നവംബർ 27-ന് പുറപ്പെടുവിച്ച ഉത്തരവിൽ, ദമ്പതികൾ തമ്മിലുള്ള ഭക്ഷണത്തിലെ അഭിപ്രായവ്യത്യാസം വിവാഹബന്ധം വേർപ്പെടുത്താൻ മതിയായ കാരണമാണെന്ന് വ്യക്തമാക്കുന്നു.
2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. തുടര്‍ന്ന് ഭർത്താവിന്റെ വീട്ടുകാർ സവാളയും വെളുത്തുള്ളിയും കഴിക്കുന്നതിനെ ഭാര്യ എതിർത്തു. സ്വാമിനാരായൺ വിഭാഗക്കാരിയായതിനാൽ, കുടുംബാംഗങ്ങൾ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തണമെന്ന് അവർ നിർബന്ധം പിടിച്ചു. എതിർത്തപ്പോൾ, 2013-ൽ യുവതി കുട്ടിയേയും കൂട്ടി വീടുവിട്ട് പോയതായി കോടതി രേഖകളിൽ പറയുന്നു. "മതം പിന്തുടരുന്നതും സവാള, വെളുത്തുള്ളി എന്നിവ കഴിക്കുന്നതും ആയിരുന്നു കക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പ്രധാന കാരണം," എന്ന് കോടതി നിരീക്ഷിച്ചു.
വീടുവിട്ടുപോയ ഭാര്യ, പിന്നാലെ കുട്ടിയെ ഭർത്താവിനൊപ്പം ഉപേക്ഷിച്ചു. തുടർന്നാണ് ഭർത്താവ് വിവാഹമോചനത്തിന് ഹർജി നൽകിയത്. "അഭിപ്രായവ്യത്യാസങ്ങൾ തുടർന്നു. സംഘർഷം മൂർച്ഛിച്ചതോടെ ഭാര്യ 2013-ൽ വീട് വിട്ടുപോയി, മകനെ ഭർത്താവിനൊപ്പം ഉപേക്ഷിച്ചു. അവൾ ഭർത്താവിനെ ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷിച്ചു, കുടുംബ കോടതി അത് അനുവദിച്ചു, എന്ന് അഡ്വക്കേറ്റ് ഭുവ്നേഷ് രൂപേര പറഞ്ഞു. ഇതിനെതിരെയാണ് ഭാര്യ ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ കുടുംബ കോടതിയുടെ നിരീക്ഷണങ്ങളും തീരുമാനവും ശരിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അപ്പീൽ തള്ളുകയായിരുന്നു. ദമ്പതികളുടെ പ്രശ്നങ്ങൾക്ക് കാരണം അവരുടെ വ്യത്യസ്തമായ ഭക്ഷണരീതികളാണെന്ന് ഹൈക്കോടതി ഊന്നിപ്പറയുകയും വിവാഹമോചനവും ഭാര്യക്ക് വേണ്ട ചെലവിനുള്ള തുകയും അന്തിമമാക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam