'പതിനായിരമല്ല, ഒരുലക്ഷം നൽകിയാലും മുസ്ലീങ്ങൾ എനിക്ക് വോട്ട് ചെയ്യില്ല'; സഹായമല്ല, പ്രത്യയശാസ്ത്രമാണ് വോട്ട് നിർണയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി

Published : Dec 12, 2025, 12:45 PM IST
Assam Chief Minister Himanta Biswa Sarma

Synopsis

 ഒരു ലക്ഷം രൂപ നൽകിയാലും മുസ്ലീങ്ങൾ തനിക്ക് വോട്ട് ചെയ്യില്ലെന്നും അസമിലെ മുസ്ലീം ജനസംഖ്യ 50 ശതമാനം കവിഞ്ഞാൽ മറ്റ് സമുദായങ്ങൾ തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ദില്ലി: സർക്കാർ പദ്ധതികളോ സാമ്പത്തിക പ്രോത്സാഹനങ്ങളോ അല്ല, പ്രത്യയശാസ്ത്രമാണ് സംസ്ഥാനത്തെ വോട്ടിംഗ് രീതികളെ നിർണയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 10,000 രൂപയോ ഒരു ലക്ഷം രൂപയോ ആകട്ടെ, എത്ര പണം വാഗ്ദാനം ചെയ്താലും ഒരു മുസ്ലീം വോട്ടർ ഒരിക്കലും തനിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2026 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കുന്നതിനായി 21 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം കൈമാറുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മഹിള റോസ്ഗർ യോജനയ്ക്ക് സമാനമായ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ബിജെപി മുഖ്യമന്ത്രിയുടെ മറുപടി. അജണ്ട ആജ് തക് 2025 എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ഒരു ലക്ഷം രൂപ നൽകിയാലും, സമൂഹത്തിലെ വലിയൊരു വിഭാഗം എനിക്ക് വോട്ട് ചെയ്യില്ല. മുസ്ലീം സമുദായത്തിലെ ഒരു വോട്ടർ എന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ആവശ്യമെങ്കിൽ വൃക്ക ദാനം ചെയ്യാൻ പോലും തയ്യാറാണെന്ന് ഒരിക്കൽ എന്നോട് പറയുകയും ചെയ്തു. പക്ഷേ അദ്ദേഹം ഒരിക്കലും എനിക്ക് വോട്ട് ചെയ്യില്ലായിരുന്നു. വോട്ടുകൾ നിർണ്ണയിക്കുന്നത് പദ്ധതികളോ സർക്കാർ സഹായങ്ങളോ മാത്രമല്ല, പ്രത്യയശാസ്ത്രമാണെന്നും ആളുകൾ വോട്ട് ചെയ്യുന്നത് ആനുകൂല്യങ്ങൾക്കല്ല, ആശയത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത് വോട്ടുകൾ സ്വയമേവ ഉറപ്പാക്കുമെന്ന് കരുതുന്നത് വളരെ ലളിതമാണ്. സർക്കാരിലായിരിക്കുമ്പോൾ പൊതുജനങ്ങൾക്കായി പദ്ധതികൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഇത് മാത്രം വോട്ടുകൾ നേടുമെന്ന് വിശ്വസിക്കുന്നത് തെറ്റായ കണക്കുകൂട്ടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസമിലെ മുസ്ലീം ജനസംഖ്യ 50 ശതമാനം കവിഞ്ഞാൽ മറ്റ് സമുദായങ്ങൾ തുടച്ചുനീക്കപ്പെടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

പതിറ്റാണ്ടുകളായി നടക്കുന്ന അനിയന്ത്രിതമായ കുടിയേറ്റം മൂലം തദ്ദേശീയരായ അസമീസ് ജനതയുടെ നിലനിൽപ്പ് പ്രതിസന്ധി നേരിടുകയാണ്. 1961 മുതൽ തുടർച്ചയായി 4–5 ശതമാനം വളർച്ചാ നിരക്കിലുള്ള അസമിലെ മുസ്ലീം ജനസംഖ്യ 2021 ൽ ഏകദേശം 38 ശതമാനമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2027 ആകുമ്പോഴേക്കും ഇത് 40 ശതമാനമായി ഉയരുമെന്ന് സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലീം ജനസംഖ്യ 50 ശതമാനം കവിഞ്ഞാൽ മറ്റ് സമുദായങ്ങൾക്ക് അതിജീവിക്കാൻ കഴിയില്ലെന്നും അവർ മാത്രം അവശേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മിയ മുസ്ലീങ്ങളുമായും സ്ത്രീകളുമായും വളരെ നല്ല ബന്ധം പുലർത്തുന്നു. മുസ്ലീം വോട്ടർമാർ കോൺഗ്രസിനെ പിന്തുണച്ചാലും തന്റെ സർക്കാർ വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: കടുത്ത നടപടിയുമായി ഡിജിസിഎ, നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫിസർമാരെ പുറത്താക്കി
പോകാൻ ശ്രമിച്ചപ്പോൾ കോളറിന് പിടിച്ചു, സഹോദരിയുടെ നെഞ്ചിൽ അടിച്ചു, കമ്പുകൊണ്ടും തല്ലി; ലുത്ര സഹോദരന്മാരുടെ ക്ലബിനെതിരെ വീണ്ടും പരാതി