
ഭോപ്പാൽ: 27കാരനായ ഭർത്താവ് ലൈവ് സ്ട്രീം ചെയ്ത് ജീവനൊടുക്കുന്ന ദൃശ്യങ്ങൾ 44 മിനിറ്റോളം നോക്കി നിന്ന് കണ്ട ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലെ മെഹ്റയിലാണ് സംഭവം. ഭാര്യാമാതാവിനും ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയാണ് യുവാവ് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ ലൈവ്സ്ട്രീമിംഗ് നടത്തിയായിരുന്നു ആത്മഹത്യ.
യുവാവ് ജീവനൊടുക്കിയതിന് ശേഷം ആറാം ദിവസമാണ് 60 കാരിയായ ഭാര്യമാതാവും 24 കാരിയായ ഭാര്യയും അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ യുവാവിന്റെ ലൈവ് സ്ട്രീമിംഗ് ജീവനൊടുക്കിയതിന് ശേഷമാണ് അറിഞ്ഞതെന്നായിരുന്നു യുവതി പ്രതികരിച്ചത്. എന്നാൽ 24കാരിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് യുവതി 44 മിനിറ്റോളം യുവാവിന്റെ ലൈവ് സ്ട്രീമിംഗ് കണ്ടതായി വ്യക്തമായിരുന്നു.
ആത്മഹത്യാ പ്രേരണയ്ക്കാണ് അറസ്റ്റ്. ഭാര്യാ മാതാവും അവരുടെ പെൺമക്കളും ചേർന്ന് തന്റെ കുടുംബം നശിപ്പിച്ചുവെന്നാരോപിച്ചായിരുന്നു ആത്മഹത്യ. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു. വെള്ളിയാഴ്ചയാണ് ഭാര്യാ മാതാവിനെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വർധയിൽ പൂജാരിയായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ആറ് മാസം മുൻപ് തിരികെ വന്നപ്പോൾ യുവാവിന് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇതിന് ശേഷം യുവാവ് ജോലിക്ക് പോയിരുന്നില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് വിവാഹിതനായ യുവാവിന് ആറ് മാസം പ്രായമുള്ള കുഞ്ഞാണുള്ളത്.
യുവ ദമ്പതികൾക്ക് ഇടയിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കുടുംബ പ്രശ്നങ്ങളേ തുടർന്ന് യുവാവിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. മാർച്ച് 16ന് യുവതിയെ കൂട്ടിക്കൊണ്ട് പോവാനായി 27കാരൻ ചെന്നിരുന്നെങ്കിലും യുവതി തിരികെ വരാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് യുവാവ് കടുത്ത കൈ സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam