കേരളത്തിൽ വളരുമോയെന്ന് സർവ്വെ നടത്തി ആപ്; പത്തിൽ മൂന്നു പേരുടെ പിന്തുണയെന്ന് കണ്ടെത്തൽ

By Prasanth ReghuvamsomFirst Published May 5, 2022, 1:19 PM IST
Highlights

അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക് പോകും മുമ്പ് സന്ദർശനത്തിന് രാഷ്ട്രീയ ശ്രദ്ധ കിട്ടുന്ന ചില നീക്കങ്ങൾ എഎപിയിൽ നിന്ന് പ്രതീക്ഷിക്കാം...

ദില്ലി: ദില്ലിയിൽ നിന്ന് പഞ്ചാബിലേക്ക്. ഇനി ഹിമാചലും ഗുജറാത്തും ലക്ഷ്യം. ഒപ്പം കേരളവും ഉപേക്ഷിക്കേണ്ടതില്ല എന്ന നിലപാടോടെ കരുക്കൾ നീക്കുകയാണ് ആം ആദ്മി പാർട്ടി (Aam Aadmi Party). അരവിന്ദ് കെജ്രിവാൾ (Arvind Kejriwal) പതിനഞ്ചിന് കേരളത്തിലേക്ക് പോകുന്നതോടെ പാർട്ടിക്ക് മുന്നേറാനുള്ള വഴികൾ ഒരുങ്ങും എന്ന പ്രതീക്ഷയിലാണ് പാർട്ടി കേന്ദ്ര നേതാക്കൾ. കേരളത്തിൽ പാർട്ടിക്ക് സാധ്യതയുണ്ടോ എന്ന മൂന്നു സർവ്വെകൾ പൂർത്തിയാക്കിയ ആം ആദ്മി പാർട്ടി കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് ഇവ വിലയിരുത്തി. ആദ്യ സർവ്വെ എഎപി കേന്ദ്ര നേതൃത്വം നേരിട്ടാണ് നടത്തിയത്.

രണ്ടാമത്തെ സർവ്വെ എഎപി കേരള ഘടകം നടത്തി. ഒരു സ്വതന്ത്ര ഏജൻസിയെ ഉപയോഗിച്ചുള്ള സർവ്വെയും നടന്നു എന്ന് പാർട്ടി വ്യത്തങ്ങൾ ഏഷ്യനെറ്റ് ന്യുസിനോട് പറഞ്ഞു. പഞ്ചാബിൽ സർവ്വെ നടത്തിയ ഏജൻസിയാണ് കേരളത്തിലും സർവ്വെ നടത്തിയത്. ആശാവഹമായ റിപ്പോർട്ടാണ് നല്കിയതെന്നാണ് നേതാക്കളുടെ പക്ഷം. എല്ലാ സർവ്വെയിലും പത്തിൽ കുറഞ്ഞത് മൂന്നു പേർ ആംആദ്മി പാർട്ടി കേരളത്തിൽ ശക്തമാകുന്നതിനെ പിന്തുണച്ചു. ഒരു സർവ്വെയിൽ പത്തിൽ നാലു പേരുടെ വരെ പിന്തുണ പാർട്ടിക്ക് കണ്ടു. പുതിയ ഒരു രാഷ്ട്രീയം കേരളത്തിൽ വേണം എന്ന നിലപാടാണ് പലരും പ്രകടിപ്പിച്ചത്. രണ്ടു മുന്നണികളുടെ മാത്രം രാഷ്ട്രീയത്തോട് മടുപ്പുണ്ട് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. കേരളം സാമൂഹ്യ വികസന സൂചികയിൽ മുന്നിലാണെങ്കിലും യുവാക്കൾക്ക് അതൃപ്തിയുണ്ട്. പുതിയൊരു രാഷ്ട്രീയത്തിനായി യുവവോട്ടർമാർ കാത്തിരിക്കുന്നു എന്ന കണ്ടെത്തലും സർവ്വെ നടത്തിയവർ നല്കിയ റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ട് ചർച്ച ചെയ്ത നേതാക്കൾ എന്നാൽ സർവ്വെയിൽ കാണുന്ന മുപ്പതു ശതമാനം പിന്തുണ എത്രത്തോളം വോട്ടായി മാറും എന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ദില്ലിയിലും പഞ്ചാബിലും ന്യൂനപക്ഷ വോട്ടർമാർക്ക് ആം ആദ്മി പാർട്ടിയോടൊപ്പം നില്ക്കാൻ മടിയുണ്ടായിരുന്നില്ല. കേരളത്തിലും ഈ വിഭാഗങ്ങളെ പാർട്ടിയോട് ചേർത്ത് നിറുത്താൻ കഴിയുമോ എന്നാണ് നോക്കുന്നത്. കോൺഗ്രസ് മരണശയ്യയിലാണെന്ന് കഴിഞ്ഞ ദിവസം പാർട്ടി എംപി രാഘവ് ഛദ്ദ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈന് നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കോൺഗ്രസിനെ മാത്രമല്ല ഇടതുപക്ഷത്തെയും കേരളത്തിൽ എഎപി ലക്ഷ്യം വയ്ക്കുന്നു. നേരത്തെ എഎപിയുമായി ഇടതുപാർട്ടികൾക്ക് നല്ല ബന്ധമായിരുന്നു. ദില്ലിയിൽ ആംആദ്മി പാർട്ടിക്ക് സിപിഎം വോട്ടും നല്കിയിരുന്നു. കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥർ ദില്ലി വിദ്യാഭ്യാസ സംവിധാനം പഠിക്കാനെത്തി എന്ന അതിഷി മർലെന എംഎൽഎയും വാദം അടുത്തിടെ മന്ത്രി വി ശിവൻ കുട്ടി പരസ്യമായി തള്ളിയിരുന്നു. എഎപിയോട് ഇടതുപക്ഷത്ത് വളരുന്ന അസഹിഷ്ണുതയുടെ സൂചനയായാണ് അരവിന്ദ് കെജ്രിവാളും ഇതിനെ കണ്ടത്. ഈ സാഹചര്യത്തിൽ കേരളത്തിൽ രണ്ടു മുന്നണികളെയും ഒരു പോലെ ലക്ഷ്യം വയ്ക്കുന്ന തന്ത്ര വേണം എന്നാണ് പാർട്ടിക്കകത്തെ ചിന്ത.

അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക് പോകും മുമ്പ് സന്ദർശനത്തിന് രാഷ്ട്രീയ ശ്രദ്ധ കിട്ടുന്ന ചില നീക്കങ്ങൾ എഎപിയിൽ നിന്ന് പ്രതീക്ഷിക്കാം. ലോക്സഭയിൽ ചില സീറ്റുകൾ ലക്ഷ്യം വച്ചുള്ള പ്രവർത്തനമാണ് പാർട്ടിയുടെ മനസ്സിലുള്ളത്. എന്നാൽ സംസ്ഥാനത്ത് എഎപിക്ക് നേതൃത്വം കൊടുക്കാൻ ഒരു നല്ല മുഖം ഇല്ലാത്തത് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഒരു സമസ്യയാണ്. ഇപ്പോഴുള്ള നേതൃത്വം പാർട്ടിയുടെ നയങ്ങളോട് യോജിക്കുന്നവരാണെങ്കിലും രാഷ്ട്രീയ മുന്നേറ്റത്തിനുള്ള കെല്പില്ല എന്നാണ് പൊതു വലിയരുത്തൽ. തൃക്കാക്കര പരീക്ഷണത്തിൻറെ ഫലം എന്താവും എന്നതും ആംആദ്മി പാ‍ർട്ടിയുടെ കേരളത്തിലെ തുടർനീക്കങ്ങൾക്ക് നിർണ്ണായകമാകും. 

click me!