
ചെന്നൈ: തമിഴ്നാട് ബിജെപിയെ ഞെട്ടിച്ച് കൂട്ടരാജി തുടരുന്നതിനിടെ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. മുൻ മുഖ്യമന്ത്രിമാരായ ജയലളിതയെയും കരുണാനിധിയെയും പോലെയുള്ള നേതാക്കളെ അനുകരിച്ച് കൂടുതൽ ആക്രമണോത്സുകനായി പ്രവര്‍ത്തിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. വിമര്‍ശനങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നില്ല. സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താൻ ഇവിടെ വന്നത് ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കാനല്ല. പതിറ്റാണ്ടുകളായി സംസ്ഥാനത്തുള്ള ദേശീയ പാർട്ടികളിലുള്ളത് പോലെ ഒരു മാനേജര്‍ റോള്‍ അല്ല തന്‍റേത്. ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാൻ ആക്രമണാത്മക നിലപാട് സ്വീകരിക്കേണ്ടതുണ്ട്. പാർട്ടിയെ വളർത്താൻ ടോപ്പ് ഗിയറിൽ തന്നെ പോകും. ചില പാർട്ടി തീരുമാനങ്ങൾ ചില പ്രവര്‍ത്തകരെ ഞെട്ടിച്ചേക്കാം. പക്ഷേ കുഴപ്പമില്ല, നമ്മൾ അതെല്ലാം മറികടക്കേണ്ടതുണ്ട്.
മുൻകാലങ്ങളിൽ ജെ ജയലളിത, എം കരുണാനിധി തുടങ്ങിയ നേതാക്കൾ അങ്ങനെയായിരുന്നു. അവരെ അനുകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. രണ്ട് ദ്രാവിഡ പാർട്ടികളിൽ നിന്നും ആരെങ്കിലും പാളയത്തിൽ ചേർന്ന് പാർട്ടിയെ രക്ഷിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്ന ഒരു കാലം തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറിമറിഞ്ഞിരിക്കുന്നു. പാര്‍ട്ടിയുടെ വേര് സംസ്ഥാനത്ത് ശക്തമാകുന്നത് വരെ ഇത്തരത്തില്‍ പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാകാം.
തമിഴ്‌നാടിന്റെ ചരിത്രത്തിൽ തന്നെ പോലെ വിമർശിക്കപ്പെട്ടവർ ആരും ഉണ്ടായിട്ടില്ല. അവർ അത് തുടരട്ടെ. എന്തായാലും മാറാൻ ഉദ്ദേശിക്കുന്നില്ല. ദില്ലിയില്‍ നിന്ന് മാർഗനിർദേശങ്ങൾ വന്നാലും മാറ്റമുണ്ടാകില്ലെന്നും അണ്ണാമലൈ പറഞ്ഞു. അതേസമയം, ബിജെപിക്ക് വൻ തിരിച്ചടി നല്‍കിയിരിക്കുകയാണ് ഭാരവാഹികളുടെ കൂട്ടരാജി. തമിഴ്നാട് ബിജെപിയിൽ നിന്ന് 13 ഭാരവാഹികളാണ് പാർട്ടി വിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്.
ചെന്നൈ വെസ്റ്റ്ഡിവിഷനിലെ ഐടി വിംഗ് ജില്ലാ പ്രസിഡന്റ് അൻപരശനും 13 സെക്രട്ടറിമാരുമാണ് പാർട്ടി വിട്ടത്. കഴിഞ്ഞദിവസം ബിജെപി ഇന്റലക്ച്വൽ വിംഗ് സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണനടക്കം നിരവധി പ്രവർത്തകർ അണ്ണാ ഡിഎംകെയിൽ ചേർന്നിരുന്നു. എടപ്പാടി പളനിസ്വാമിയെ സന്ദർശിച്ചതിന് ശേഷമാണ് ഇവർ അണ്ണാ ഡിഎംകെ അംഗത്വം സ്വീകരിച്ചത്. അതിന് പിന്നാലെയാണ് വീണ്ടും കൂട്ടത്തോടെ ബിജെപി ഭാരവാഹികൾ പാർട്ടി വിട്ടതെന്നുള്ളതാണ് ശ്രദ്ധേയം.