
കൊൽക്കത്ത: കൊൽക്കത്തയെ ലക്ഷ്യമിടുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിക്ക് മറുപടി നൽകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയും ഇന്ത്യ സഖ്യവും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന ദിവസം, ഭീഷണി മുഴക്കിയവരുടെ വീട്ടിൽ കയറി വധിക്കുമെന്ന് അഭിഷേക് ബാനർജി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഭാവിയിൽ യുദ്ധമുണ്ടായാൽ അത് അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്നും കൊൽക്കത്തയെ ലക്ഷ്യമിടുമെന്നും ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, ഇന്ത്യ എന്തെങ്കിലും നീക്കം നടത്തിയാൽ തിരിച്ചടി കൊൽക്കത്ത വരെ എത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഭീഷണി മുഴക്കിയത്.
"രണ്ട് ദിവസം മുമ്പ്, കൊൽക്കത്ത തകർക്കുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ നിശബ്ദരാണ്. അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലാണ്. ബംഗാളിനെതിരെയുള്ള ഭീഷണികൾക്ക് മറുപടി നൽകാൻ അവർക്ക് സമയമില്ല.ഇന്ത്യയുടെ പരമാധികാരത്തിനും നേരെയുള്ള ഭീഷണിയെ അപലപിക്കാൻ പോലും അവർക്ക് ധൈര്യമില്ല. എന്റെ പട്ടികയിൽ ഖ്വാജ ആസിഫിന്റെ പേര് ഞാൻ എഴുതിയിട്ടുണ്ട്. മമത ബാനർജിയും ഇന്ത്യാ സഖ്യവും സർക്കാർ രൂപീകരിക്കുന്ന ദിവസം, ഞങ്ങൾ അവരുടെ വീട്ടിൽ കയറി അവരെ കൊല്ലും"- എന്നാണ് അഭിഷേക് ബാനർജി പറഞ്ഞത്.
ദേശീയ സുരക്ഷാ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് ആരോപിച്ച് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ അഭിഷേക് ബാനർജിയുടെ പ്രസ്താവന അക്രമാസക്തമായ രാഷ്ട്രീയ ഭാഷയുടെ ഉദാഹരണമാണെന്ന് ബിജെപി ആരോപിക്കുന്നു. പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ, വിദേശ ഭീഷണികളും ദേശീയ സുരക്ഷയും പ്രധാന ചർച്ചാ വിഷയങ്ങളായി മാറിയിരിക്കുകയാണ്.
ഇന്ത്യൻ മണ്ണിൽ പാകിസ്ഥാൻ പ്രകോപനം നടത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് പാകിസ്ഥാന്റെ ഭീകരവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. തുടർന്നുണ്ടായ സംഘർഷങ്ങൾക്കൊടുവിൽ മെയ് പത്തിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്ഥാൻ തിരിച്ചടിക്കുമെന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്. ഇന്ത്യയിൽ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ഖ്വാജ ആസിഫ് തയ്യാറായില്ല. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്ന് പാക് മന്ത്രി ഭീഷണി മുഴക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam