
ദില്ലി: അയോധ്യ രാമക്ഷേത്ര പ്രാൺപ്രതിഷ്ഠാ ചടങ്ങിന് ഇനി രണ്ട് ദിനം മാത്രം ശേഷിക്കെ, മുതിർന്ന നേതാക്കളായ എൽകെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ചടങ്ങിനെത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. വാർധക്യ സഹജമായ പ്രശ്നങ്ങളാൽ ഇരുവരോടും ചടങ്ങിൽ പങ്കെടുക്കരുതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിരുന്നു. അയോധ്യയിലേക്ക് രഥയാത്ര നടത്താൻ മുന്നിൽ നിന്ന നേതാക്കളോട് ചടങ്ങിന് വരരുതെന്ന് പറഞ്ഞത് ഏറെ വിവാദമായി. തുടർന്ന് ഇരുനേതാക്കളെയും വീട്ടിലെത്തി ക്ഷണിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ പങ്കെടുക്കാമെന്ന് അദ്വാനി ഉറപ്പ് നൽകിയതായും വിഎച്ച്പി അറിയിച്ചു. അതേസമയം, ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് അദ്വാനിയും എംഎം ജോഷിയും ഇതുവരെ പൊതുമധ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. 22ന് നടക്കുന്ന പ്രാൺ പ്രതിഷ്ഠ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാന ക്ഷണിതാവ്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
അദ്വാനിയും മുരളീമനോഹർ ജോഷിയും പ്രായാധിക്യത്താലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ചടങ്ങിന് വരേണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആവശ്യപ്പെട്ടിരുന്നു. ചടങ്ങിൽ ഇരുവരും പങ്കെടുക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. ശ്രീരാമജന്മഭൂമി മൂവ്മെന്റിന് വിഎച്ച്പിക്കൊപ്പം മുൻനിരയിലുണ്ടായിരുന്ന നേതാക്കളാണ് ഇരുവരും. ബാബരി മസ്ജിദ് ധ്വംസനക്കേസിൽ ഇരുവരെയും സിബിഐ സ്പെഷ്യൽ കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. 96 വയസായ അദ്വാനി ഇപ്പോൾ വിശ്രമത്തിലാണ്. 90 പിന്നിട്ട എംഎം ജോഷിയും ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ല.
ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മെത്രാഭിഷേക ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് കാമത്ത്, ഐ.എസ്.ആർ.ഒ ഡയറക്ടർ നിലേഷ് ദേശായിയെയും ക്ഷണിച്ചു. ജനുവരി 23 ന് ക്ഷേത്രം ഭക്തർക്കായി തുറക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam