ലോക്ക്ഡൗൺ 15ന് അവസാനിക്കുമോ? സൂചന നൽകി പ്രധാനമന്ത്രി; കൊവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും ആഹ്വാനം

By Web TeamFirst Published Apr 2, 2020, 3:34 PM IST
Highlights

ഏപ്രിൽ 15ന്  ലോക്ക് ഡൗൺ അവസാനിച്ച ശേഷം തോന്നിയതുപോലെ പ്രവർത്തിച്ചാൽ ലോക്ക്ഡൗണിന്റെ ഗുണങ്ങൾ ഇല്ലാതെയാകുമെന്നും മോദി പറഞ്ഞു. 

ദില്ലി:  കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമാവധി ജീവൻ രക്ഷിക്കാനാണ് ശ്രമം. കൊവിഡിനെതിരായ യുദ്ധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഏപ്രിൽ 15ന് ശേഷം ലോക്ക് ഡൗൺ അവസാനിച്ച ശേഷം തോന്നിയതുപോലെ പ്രവർത്തിച്ചാൽ ലോക്ക്ഡൗണിന്റെ ഗുണങ്ങൾ ഇല്ലാതെയാകുമെന്നും മോദി പറഞ്ഞു. 

പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ച്ചയ്ക്കു ശേഷം കേന്ദ്രസർക്കാർ പുറത്തുവിച്ച വാർത്താക്കുറിപ്പിലും, ലോക്ക്ഡൗൺ ഏപ്രിൽ 15ന് അവസാനിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അരുണാചൽ മുഖ്യമന്ത്രി പേമാ ഖണ്ഡു ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. അതിൽ പറഞ്ഞിരുന്നത് ലോക്ക് ഡൗൺ് ഏപ്രിൽ 14ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ്. ലോക്ക്ഡൗൺ അവസാനിച്ച ശേഷവും ജനങ്ങൾ അധികമായി തെരുവിലേക്കിറങ്ങരുതെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ട്വീറ്റിലുണ്ടായിരുന്നു. 

എന്നാൽ, പേമാ ഖണ്ഡു പിന്നീട് ഈ ട്വീറ്റ് പിൻവലിച്ചു.ഹിന്ദി തർജ്ജമ ചെയ്തതിൽ വന്ന പിശക് ആണ് ഇതെന്ന് വിശദീകരിക്കുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ സൂചന ലോക്ക്ഡൗൺ 15ന് അവസാനിക്കുമെന്ന് തന്നെയാണ്. എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് വലിയ പിന്തുണയാണ് തന്നതെന്നും പ്രധാനമന്ത്രി ഇതിൽ പറഞ്ഞിട്ടുണ്ട്.

ലോക്ക്ഡൗണിന് ശേഷവും കൊവിഡിനെ പ്രതിരോധിക്കാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ജനങ്ങൾ അധികം പുറത്തിറങ്ങാതിരിക്കാനും ആൾക്കൂട്ടങ്ങൾ ഉണ്ടാകാതിരിക്കാനും ഉള്ള തന്ത്രങ്ങളാണ് കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ആവിഷ്‌കരിക്കേണ്ടതെന്നും പ്രധാനമന്ത്രി പറയുന്നു. 

 

click me!