
മുംബൈ: വിദേശ ലഹരി മരുന്ന് സംഘം ദരിദ്രരായ ഇന്ത്യൻ സ്ത്രീകളെ വിവാഹം ചെയ്ത് ലഹരി മരുന്ന് കാരിയർമാരാക്കുന്ന സംഭവം വ്യാപകമാകുന്നതായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. ആഫ്രിക്കൻ ലഹരി മാഫിയാ സംഘമാണ് ഈ രീതിയിൽ പ്രവർത്തിക്കുന്നത്. ഇത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗ് പറഞ്ഞു
5 കിലോ കൊക്കെയ്നുമായി ദില്ലി സ്വദേശിനിയെ എൻസിബിയും ദില്ലി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ട്രോളി ബാഗിൽ ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ മൂന്ന് കുട്ടികളുടെ അമ്മയാണെന്നും ഭർത്താവ് എത്യോപ്യൻ സ്വദേശിയാണെന്നും മൊഴി നൽകി. തുടർ അന്വേഷണത്തിൽ മുംബൈയിൽ നിന്ന് നാല് എത്യോപ്യക്കാരെ കൂടി പിടികൂടി. രണ്ട് കിലോ കൊകെയ‍്‍നും ഇവരുടെ പക്കലുണ്ടായിരുന്നു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത ശേഷം രാജ്യത്തിനകത്ത് ക്യാരിയറായി ഉപയോഗിക്കുകയായിരുന്നു സംഘത്തിന്‍റെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
നൈജീരിയയിൽ നിന്നുള്ള വമ്പൻ സംഘമാണ് ലഹരി കടത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദരിദ്ര രാജ്യങ്ങളിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്താണ് ലഹരി ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 1200 ഡോളർ വരെ ഒരു തവണ ലഹരി കടത്തിയാൽ കാരിയർമാർക്ക് ലഭിക്കും. എന്നാൽ വിദേശ പൗരൻമാർക്കെതിരായ നിരീക്ഷണം ഏജൻസികൾ വ്യാപകമാക്കിയതോടെയാണ് ഇന്ത്യൻ സ്ത്രീകളെ മറയാക്കുന്ന രീതിയിലേക്ക് സംഘം മാറിയത്. ബെംഗളൂരുവിൽ നിന്ന് ഇത്തരത്തിൽ ലഹരി സംഘത്തിന്‍റെ ഭാഗമായ ഇന്ത്യക്കാരിയെ പിടികൂടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam