'രാഹുലിന് ഇനി ഇറ്റാലിയനിലാക്കി പൗരത്വ നിയമം വായിക്കാൻ തരണോ?', പരിഹസിച്ച് അമിത് ഷാ

Web Desk   | Asianet News
Published : Jan 03, 2020, 03:42 PM ISTUpdated : Jan 03, 2020, 04:05 PM IST
'രാഹുലിന് ഇനി ഇറ്റാലിയനിലാക്കി പൗരത്വ നിയമം വായിക്കാൻ തരണോ?', പരിഹസിച്ച് അമിത് ഷാ

Synopsis

പൗരത്വ നിയമഭേദഗതിക്ക് എതിരായ കോൺഗ്രസിന്‍റെ പ്രതിഷേധം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. നിയമഭേദഗതി പിൻവലിക്കാൻ സർക്കാർ ഒരിക്കലും ഒരുക്കമല്ല - അമിത് ഷാ തുറന്നടിച്ചു.

ജയ്പൂർ: പൗരത്വ നിയമഭേദഗതി ഒരു കാരണവശാലും പിൻവലിക്കാൻ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ മൊത്തം പ്രതിപക്ഷം ഒന്നിച്ച് വന്ന് നിന്നാലും നിയമത്തിലുറച്ച് ബിജെപി നിൽക്കും. രാഹുൽ ഗാന്ധിക്ക് നിയമമറിയില്ല. അറിയില്ലെങ്കിൽ അത് ആദ്യം പഠിക്കണം. രാഹുൽ നിയമം പഠിച്ചിട്ട് വരട്ടെ. എന്നിട്ട് എവിടെ വച്ചും പരസ്യ സംവാദത്തിന് ഞാൻ തയ്യാറാണ് - അമിത് ഷാ പറഞ്ഞു.

രാഹുൽ ഗാന്ധി എംപിക്കെതിരെ രൂക്ഷമായ പരിഹാസമാണ് അമിത് ഷാ നടത്തുന്നത്. ''രാഹുൽ ബാബ ഇതുവരെ നിയമമെന്താണെന്ന് പഠിച്ചിട്ടില്ല. ആദ്യം നിയമത്തിന്‍റെ പകർപ്പ് രാഹുൽ ബാബ വായിക്കട്ടെ. ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സർക്കാർ തയ്യാറാണ്. എന്നിട്ട് പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് തയ്യാറാണ്'', എന്ന് അമിത് ഷാ.

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോടും കോൺഗ്രസിനോടും ഒന്നിച്ചാണ് ഷാ വെല്ലുവിളി നടത്തുന്നത്. ഇനി രാജ്യത്തെ പ്രതിപക്ഷം ഒന്നിച്ച് വന്ന് ബിജെപിക്ക് എതിരെ നിന്നാലും ഒരടി പിന്നോട്ട് പോകാൻ തയ്യാറല്ല. എത്ര വേണമെങ്കിലും തെറ്റായ വിവരങ്ങൾ നിങ്ങൾ പരത്തിക്കോളൂ - എന്ന് അമിത് ഷായുടെ വെല്ലുവിളി. 

8866288662 എന്ന നമ്പറിൽ വിളിച്ച് നിയമ ഭേദഗതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് അമിത് ഷായുടെ ആഹ്വാനം.

കോൺഗ്രസ് എന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിച്ചിട്ടുള്ളത്. ഇപ്പോഴും കോൺഗ്രസ് അത് തന്നെയാണ് ചെയ്യുന്നത്. തെറ്റായ വിവരങ്ങൾ പരത്തി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് കോൺഗ്രസ്. വിഭജനത്തിന്‍റെ രാഷ്ട്രീയം നന്നായി അറിയാവുന്നത് കോൺഗ്രസിനാണ്. അത് അവർ ഇപ്പോഴും പ്രയോഗിക്കും - ഷാ ആരോപിച്ചു.

പാകിസ്ഥാനിലടക്കം മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുമ്പോൾ കോൺഗ്രസ് എവിടെപ്പോയിരുന്നു എന്നാണ് അമിത് ഷാ ചോദിക്കുന്നത്. 

രാജ്യമെമ്പാടും പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭം ആളിക്കത്തുമ്പോൾ, ഇത് തണുപ്പിക്കാനാണ് ബിജെപി രാജ്യവ്യാപകമായി പ്രചാരണത്തിന് തുടക്കം കുറിച്ചത്. വിപുലമായി പൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ച് റാലികൾ നടത്തുകയാണ് പാർട്ടി. അതിന്‍റെ ഭാഗമായിട്ടാണ് രാജസ്ഥാനിലെ ഈ റാലിയും.

അപ്പോഴും ദേശീയ പൗരത്വ റജിസ്റ്റർ സംബന്ധിച്ച് മോദിയും അമിത്ഷായും പറയുന്ന വാക്കുകളിലെ വൈരുദ്ധ്യം വലിയ വിവാദമായിരുന്നു. ദേശവ്യാപകമായി പൗരത്വ റജിസ്റ്റർ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടു പോലുമില്ലെന്നാണ് ദില്ലിയിലെ ദ്വാരകയിൽ നടന്ന റാലിയിൽ നരേന്ദ്രമോദി പറഞ്ഞത്. പൗരത്വപ്രക്ഷോഭത്തെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എന്നാൽ അതിനെ അമിത് ഷാ തന്നെ മുമ്പ് പറഞ്ഞ വാക്കുകൾ കൊണ്ടാണ് പ്രതിപക്ഷം പ്രതിരോധിച്ചത്. ''ആദ്യം നിങ്ങൾ ആ ക്രമം മനസ്സിലാക്കണം. ആദ്യം ദേശീയ ജനസംഖ്യാ റജിസ്റ്റർ ഉപയോഗിച്ച് ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. അതനുസരിച്ച് സെൻസസ് നടത്തും. പിന്നീട്, ദേശവ്യാപകമായി പൗരത്വ റജിസ്റ്റർ നടപ്പിലാക്കും'', എന്ന് അമിത് ഷാ പാർട്ടി വാർത്താ സമ്മേളനത്തിലും പൗരത്വ ബില്ല് അവതരിപ്പിക്കുമ്പോൾ പാർലമെന്‍റിലും പറഞ്ഞത് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതേ കാര്യം രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിലും അവതരിപ്പിച്ച കാര്യവും പ്രതിപക്ഷം എടുത്തുകാട്ടുന്നുണ്ട്. ഇത്തരത്തിലുള്ള മറുവാദങ്ങളെയെല്ലാം നേരിടാനാണ് രാജ്യമെമ്പാടും റാലികളുമായി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നതും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
തുടർച്ചയായ മൂന്നാം തവണയും എത്തിയില്ല, രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ, പോയത് സുഹൃത്തിന‍റെ കല്യാണത്തിന്