
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം കളയാനല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് രാമകൃഷ്ണ മിഷന്‍. രാഷ്ട്രീയപരമായ താല്‍പ്പര്യങ്ങളില്ലാത്ത നിഷ്പക്ഷമായ ഒരു പ്രസ്ഥാനമാണിതെന്നും അതുകൊണ്ട് തന്നെ നൈമിഷികമായ കാര്യങ്ങളില്‍ മറുപടി നല്‍കാനില്ലെന്നും രാമകൃഷ്ണ മിഷന്‍ അധികൃതര്‍ വ്യക്തമാക്കി.
സ്വാമി സുവിരാനന്ദ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 'പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ രാമകൃഷ്ണ മിഷന്‍ പ്രതികരിക്കില്ല. ഇതൊരു അരാഷ്ട്രീയ പ്രസ്ഥാനമാണ്. ക്ഷണികമായ തൃഷ്ണകളെ ത്യജിച്ച് വീട് ഉപേക്ഷിച്ചവരാണ് ഞങ്ങള്‍. നൈമിഷികമായ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കില്ല'- സ്വാമി സുവിരാനന്ദ പറഞ്ഞു.
ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള സന്ന്യാസികളാണ് ഈ പ്രസ്ഥാനത്തിന് കീഴിലുള്ളത്. ഒരേ മാതാപിതാക്കളുടെ മക്കളായി, സഹോദരങ്ങളെപ്പോലെയാണ് തങ്ങള്‍ കഴിയുന്നതെന്നും രാമകൃഷ്ണ മിഷനെ സംബന്ധിച്ചിടത്തോളം മോദി ഇന്ത്യയുടെ നേതാവും മമതാ ബാനര്‍ജി പശ്ചിമ ബംഗാളിന്‍റെ നേതാവും മാത്രമാണെന്നും സ്വാമി സുവിരാനന്ദ കൂട്ടിച്ചേര്‍ത്തു.
Read More: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് യുവാക്കൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നു; ആവർത്തിച്ച് പ്രധാനമന്ത്രി
രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാമകൃഷ്ണ മിഷന്‍ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് മോദി പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പരാമര്‍ശിച്ചത്. മനഃപൂര്‍വ്വം രാഷ്ട്രീയം കളിക്കുന്നവര്‍ പൗരത്വ നിയമഭേദഗതിയുടെ പേരില്‍ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരുടെയും പൗരത്വം കളയാനല്ല മറിച്ച് പൗരത്വം നല്‍കാനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മോദി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam