കൊൽക്കത്ത: പൗരത്വ നിയമ ഭേ​ദ​ഗതി വിഷയത്തിൽ യുവാക്കൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടെന്ന് മോദി. പൗരത്വ നിയമ ഭേദ​ഗതി ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും മറ്റ് രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.

''പൗരത്വ നിയമ ഭേദ​ഗതിയെക്കുറിച്ച് യുവാക്കൾക്കിടയിൽ സംശയം നിലനിൽക്കുന്നുണ്ടെന്ന് അറിയാം. ചിലർ തങ്ങൾക്ക് ചുറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിച്ചു മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അവരുടെ തെറ്റിദ്ധാരണ നീക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.'' മോദി പറഞ്ഞു. ഹൗറയിലെ ബേലൂർ മഠത്തിൽ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചുള്ള ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം.

''ആരുടെയും പൗരത്വം എടുക്കാനല്ല മറിച്ച് കൊടുക്കാനാണ് പൗരത്വ നിയമ ഭേദഗതി. പൗരത്വ നിയമത്തിൽ ചെറിയ ഒരു മാറ്റം വരുത്തിയതാണിത്. പൗരത്വം കൊടുക്കുന്നതിനായുള്ള മാനദണ്ഡങ്ങൾ ഞങ്ങൾ വർധിപ്പിച്ചു. ഏത് മതത്തിൽ പെട്ട വ്യക്തി ആയാലും ഈശ്വരനിൽ വിശ്വസിക്കുന്ന ആളാണെങ്കിലും അല്ലെങ്കിലും നിലവിൽ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ അനുസരിച്ച് ഇന്ത്യൻ പൗരത്വം ലഭിക്കും. ഇന്ത്യയോടും ഇന്ത്യൻ ഭരണഘടനയോടും വിശ്വാസമുള്ള വ്യക്തിയാണ് ഇന്ത്യൻ പൗരൻ.'' മോദി കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. നിങ്ങൾക്ക് ഇത് വ്യക്തമായി മനസിലാകും എന്നാൽ രാഷ്ട്രീയ നാടകങ്ങൾ കളിക്കുന്ന ചിലർ മനപൂർവം തന്നെ ഇത് മനസിലാക്കാൻ വിസമ്മതിക്കുകയാണ്. ഇവരാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചിലർ പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.