
ദില്ലി : ജിഎസ്ടി കുറച്ചതിൻറെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകി പ്രമുഖ കമ്പനികൾ. ടിവിയുടെയും എസിയുടെയും അടക്കം വില കുറയ്ക്കുമെന്നാണ് പ്രധാന കന്പനികൾ അറിയിച്ചത്. വിലകുറയുന്നുണ്ടോ എന്ന് താഴേ തട്ടിൽ നിരീക്ഷിക്കാൻ എംപിമാരെ ചുമതലപ്പെടുത്തും എന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
ജിഎസ്ടി കുറച്ചത് ആദ്യ ഘട്ടം മാത്രമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. ഇതിൻറെ പ്രയോജനം ജനങ്ങൾക്ക് കിട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് രണ്ടാം ഘട്ടം. സപ്തംബർ 22 വരെ നികുതി പരിഷ്ക്കരണത്തിന് സമയം നല്കിയത് ഇത് ഉറപ്പാക്കാനാണെന്നും ധനമന്ത്രി വിശദീകരിച്ചു. പ്രധാന കമ്പനികളുമായെല്ലാം കേന്ദ്രം ഇക്കാര്യത്തിൽ ആശയവിനിമയം തുടങ്ങി.
നികുതി ഇളവ് ജനങ്ങൾക്ക് കൈമാറും എന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്ന് വ്യവസായ സംഘടനയായ സിഐഐ ഇന്നലെ പരസ്യം നല്കിയിരുന്നു. സോപ്പുകൾ മുതൽ ഹോർലിക്സ് വരെ വിൽക്കുന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ സിഇഒ പ്രിയ നായർ എല്ലാ ഉത്പന്നങ്ങളുടെയും വില കുറയ്ക്കുമെന്ന് സർക്കാരിന് ഉറപ്പു നൽകി.
കോൾഗേറ്റ് പാമൊലീവ്, പാർലെ, അമുൽ, എൽജി, വോൾട്ടാസ് തുടങ്ങിയ കമ്പനികളും വിലക്കുറവ് ഉറപ്പാക്കുമമെന്നറിയിച്ചു. പാക്കറ്റിലാക്കിയ ചില ഉത്പന്നങ്ങളുടെ അളവ് കൂട്ടിയാവും വിലക്കുറവിൻറെ ആനുകൂല്യം കൈമാറുക. സോണി, സാംസങ് അടക്കമുള്ള കമ്പനികൾ ടിവി വില കുറയ്ക്കും. കാറുകളുടെ വില കുറച്ചു കൊണ്ട് ടാറ്റയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. 70,000 മുതൽ ഒന്നര ലക്ഷം വരെയാകും കുറവ്, മാരുതി കാറുകളുടെ വിലയും ഉത്സവ സീസണിൽ കുറയും.
വിലക്കുറവുണ്ടോ എന്നത് നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ധനമന്ത്രാലയം നിയോഗിക്കും. പ്രാദേശിക തലത്തിലെ സ്ഥിതി അറിയിക്കാൻ എംപിമാരുടെ സഹായവും തേടും. സിമൻറ്, ഗ്രാനൈറ്റ് കമ്പനികളുമായും സർക്കാർ സംസാരിക്കുന്നുണ്ട്. ഹോട്ടൽ മുറികളുടെ വാടകയിലെ വ്യത്യാസം ടൂറിസം വകുപ്പ് നിരീക്ഷിക്കും. ദസറ, ദീപാവലി മുതൽ ക്രിസ്മസ് വരെയുള്ള ഉത്സവകാലങ്ങളിൽ വിലക്കുറവ് വലിയ വിപണിയിൽ ഉത്സാഹമുണ്ടാക്കും എന്നാണ് സർക്കാരിൻറെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam