
രാഷ്ട്ര പുരോഗതിക്ക് ഇനിവരുന്ന തലമുറയെ മിടുക്കരായി വാർത്തെടുക്കാൻ തയ്യാറെടുക്കുകയാണ് രാഷ്ട്രീയ കാമധേനു ആയോഗ് അഥവാ ദേശീയ പശു കമ്മീഷൻ. പശുക്കളുടെ സഹായമുണ്ടെങ്കിൽ ഈ ദൗത്യം നിഷ്പ്രയാസം സാധിച്ചെടുക്കാമെന്നാണ് കമ്മീഷൻ കരുതുന്നത്. കാമധേനു ആയോഗും ആയുഷ് ഡിപ്പാർട്ട്മെന്റും ചേർന്നാണ് ഈ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. ഗോമൂത്രത്തിൽ നിന്ന് നിർമിച്ചെടുക്കുന്ന പഞ്ചഗവ്യം എന്ന മരുന്നിലാണ് കമ്മീഷന്റെ പ്രതീക്ഷ. ഈ മരുന്ന് ഗർഭിണികൾ വേണ്ട മാത്രയിൽ സേവിച്ചാൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ മിടുമിടുക്കരായിരിക്കും എന്ന് കമ്മീഷൻ പറയുന്നു. ഒപ്പം തികഞ്ഞ ബുദ്ധിയും നല്ല ആരോഗ്യവും ഉണ്ടാകും അവർക്ക്.
ഗോമൂത്രം, പാൽ, തൈര്, നെയ്യ്, ചാണകം - ഇത്രയുമാണ് പഞ്ചഗവ്യമെന്ന ഈ അത്ഭുതമരുന്നിന്റെ ചേരുവകൾ. ദേശീയ പശു കമ്മീഷന്റെ ചെയർമാനായ വല്ലഭ് ഭായി കതിരിയയാണ് ദ പ്രിന്റിനോട് ഈ വെളിപ്പെടുത്തൽ നടത്തിയത്. രാജ്യത്തെ ഗോക്കളുടെ ക്ഷേമം ലക്ഷ്യമാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദേശീയ പശു കമ്മീഷൻ സ്ഥാപിക്കുന്നത്.
ഗുജറാത്തിൽ നിന്നുള്ള മുൻ ബിജെപി എംപിയായ കതിരിയ പറയുന്നത് പഞ്ചഗവ്യത്തിന്റെ ഫലസിദ്ധിയ്ക്കുള്ള തെളിവുകൾ ശാസ്ത്രങ്ങളിലും ആയുർവേദഗ്രന്ഥങ്ങളിലും നിരവധിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ്, മൃഗസംരക്ഷണ വകുപ്പുകൾ, ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുള്ള വകുപ്പിന്റെ സഹകരണത്തോടെയാവും പഞ്ചഗവ്യ നിർമ്മാണ യൂണിറ്റുകൾ രാജ്യത്തുടനീളം തുടങ്ങുക. ഒരിക്കൽ രാജ്യത്തിൻറെ മുക്കിലും മൂലയിലും പഞ്ചഗവ്യത്തിന്റെ ലഭ്യത ഉറപ്പായാൽ ഗർഭിണികൾക്ക് അത് പ്രിസ്‌ക്രൈബ് ചെയ്യാൻ അധികാരമുള്ള വൈദ്യന്മാരെയും സർക്കാർ നിയമിക്കും എന്നും അദ്ദേഹം അറിയിച്ചു. ഈ മരുന്ന് മുടങ്ങാതെ സേവിക്കുന്നതിലൂടെ രാജ്യത്തിന്റെ വരും തലമുറ മിടുക്കന്മാരായിട്ടാകും പിറന്നു വീഴുക എന്ന് വല്ലഭ് ഭായി കതിരിയ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam