
ചരിത്രം കുറിച്ച് തമിഴ്നാട്ടിൽ അധികാരത്തിലേറിയ വിജയ് രാജ്യത്താകെ ശ്രദ്ധാ കേന്ദ്രമാകുകയാണ്. ഒന്നര വർഷം മുൻപ് പ്രവർത്തനമാരംഭിച്ച ഒരു രാഷ്ട്രീയ പാർട്ടിയിലെ പ്രതിനിധികളാണ് ഇക്കുറി തമിഴ്നാട് നിയമസഭയുടെ ഭൂരിപക്ഷം കസേരകളിലും ഇരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ ഡിഎംകെയും എഐഎഡിഎംകെയും അടക്കമുള്ള ദ്രാവിഡ രാഷ്ട്രീയ ശക്തികളുടെ ആറു ദശാബ്ദത്തെ ആധിപത്യം അവസാനിപ്പിച്ച ശേഷമാണ് വിജയ് സിംഹാസനത്തിലേറുന്നത്. അതേ സമയം, ഇപ്പോഴും വിജയ് സർക്കാരിന് മുന്നിൽ ചോദ്യ ചിഹ്നമായി നിൽക്കുന്നത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ പ്രഖ്യാപിച്ചിരുന്ന വമ്പൻ ക്ഷേമ പദ്ധതികളുടെ ലിസ്റ്റാണ്.
സ്ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവരെ കേന്ദ്രീകരിച്ച് നടത്തീയ ‘ജനകീയ ക്ഷേമ’ പദ്ധതികളായിരുന്നു ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ആകര്‍ഷണം. ‘വെട്രി തമിഴ്നാട്’ എന്ന മുദ്രാവാക്യത്തോടെ അവതരിപ്പിച്ച വാഗ്ദാനങ്ങളില്‍ സ്ത്രീകൾക്ക് 2500 രൂപ ധനസഹായം, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കുടുംബങ്ങൾക്ക് വർഷത്തിൽ ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ, ദരിദ്ര യുവതികളുടെ വിവാഹത്തിന് 8 ഗ്രാം സ്വർണവും പട്ടുസാരിയും, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് മാസം 4000 രൂപ ധനസഹായം, 5 ലക്ഷം സർക്കാർ ജോലികൾ, വിദ്യാർത്ഥികൾക്ക് ധനസഹായം, സൗജന്യ വിദ്യാഭ്യാസ വായ്പ തുടങ്ങിയവ ഏറെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ്.
എന്നാൽ, ടിവികെ സര്‍ക്കാർ പ്രഖ്യാപിച്ച ഈ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാനത്ത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനെല്ലാം കൂടി വർഷം 1 ലക്ഷം കോടി നീക്കി വക്കേണ്ടി വരും. മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷേമപദ്ധതികള്‍ക്കും സബ്സിഡികള്‍ക്കും ചെലവഴിച്ച 65,000 കോടിയേക്കാള്‍ 52 ശതമാനത്തിലധികം കൂടുതലാണിത്. തമിഴ്നാടിന്റെ ആകെ വരുമാനം 3.31 ലക്ഷം കോടിയാണ്. ഇതിന്റെ ഏകദേശം മൂന്നിലൊന്നിനോട് തുല്യമാണ് ക്ഷേമപദ്ധതികൾക്ക് വേണ്ടി മാത്രമായി ചെലവിടേണ്ടി വരിക. ഇപ്പോൾ തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 10 ലക്ഷം കോടി രൂപ കടന്നതായും, ഇത് ജിഎസ്ഡിപിയുടെ 26 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘ഫ്രീബീ’ പൊളിറ്റിക്സ് തമിഴ്നാട്ടിൽ ഒരു പുതിയ കാര്യമേയല്ല. എഐഎഡിഎംകെ സ്ഥാപകന്‍ എം.ജി. രാമചന്ദ്രന്റെ, എം ജി ആറിന്റെ കാലത്ത് തുടങ്ങിയ സബ്സിഡി ഭക്ഷണം മുതൽ തുടങ്ങിയ ക്ഷേമപദ്ധതികള്‍ പിന്നീട് സൗജന്യ ടെലിവിഷന്‍, മിക്സി-ഗ്രൈന്‍ഡര്‍, ലാപ്‌ടോപ്പ്, സൗജന്യ ബസ് യാത്ര, ധനസഹായം, വൈദ്യുതി സബ്സിഡി തുടങ്ങിയ രീതിയിലേക്ക് വ്യാപിക്കുകയായിരുന്നു. ജയലളിതയും കരുണാനിധിയും അടക്കമുള്ള നേതാക്കളുടെ കാലത്ത് ഇത്തരം പദ്ധതികള്‍ തമിഴ്നാട് രാഷ്ട്രീയത്തിന്റെ പ്രധാന ഘടകമായി മാറി. ഇത്തരത്തിലുള്ള സൗജന്യ വാഗ്ദാനങ്ങളെക്കുറിച്ച് സുപ്രീം കോടതിയും മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സൗജന്യ റേഷന്‍, ധനസഹായം തുടങ്ങിയ പദ്ധതികള്‍ ആളുകളില്‍ തൊഴില്‍ ചെയത് ജീവിക്കാനുള്ള താൽപ്പര്യം കുറയ്ക്കുന്നുവെന്ന പരാമര്‍ശം സുപ്രീം കോടതി നടത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ നടന്നത് പോലെ, വരുന്ന 5 വർഷവും വിജയുടെ മാസ് ഡയലോഗുകൾക്കും മാസ്റ്റർ ദ ബ്ലാസ്റ്റർ ഭരണത്തിനും കാത്തിരിക്കുകയാണ് തമിഴ്നാട്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam