അരവാലി എക്സ്പ്രസിൽ സീറ്റ് തർക്കത്തെ തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും റേസർ ബ്ലേഡ് കൊണ്ട് ആക്രമിച്ച മോഡൽ അന്തരാ സോഹം ബാനർജി അറസ്റ്റിലായി. വെബ് സീരീസ് ചിത്രീകരണത്തിനായി യാത്ര ചെയ്യുകയായിരുന്ന ഇവർ, ട്രെയിനിന്റെ ജനൽച്ചില്ല് തകർക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു. ദഹാനുവിൽ വെച്ചാണ് റെയിൽവേ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും റേസർ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ട്രെയിന്റെ ജനൽച്ചില്ല് തകർക്കുകയും ചെയ്ത മോഡൽ അറസ്റ്റിൽ. ബന്ദാ-ഗംഗാനഗർ അരവാലി എക്സ്പ്രസിൽ വച്ചാണ് താനെ സ്വദേശിയായ അന്തരാ സോഹം ബാനർജി (31) എന്ന മോഡൽ അതിക്രമം കാട്ടിയത്. ഓഗസ്റ്റ് 12-ന് രാത്രി ബോറിവിലിക്കും ദഹാനുവിനും ഇടയിലാണ് സംഭവം നടന്നത്.

വെബ് സീരീസ് ചിത്രീകരണത്തിനായി സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു അന്തരാ ബാനർജി. സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ കയറിയ ഇവർ മറ്റൊരാളുടെ റിസർവ് ചെയ്ത സീറ്റിൽ ഇരിക്കുകയായിരുന്നു. സീറ്റ് ഒഴിയാൻ യാത്രക്കാരൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമായി. തുടർന്ന് ടിക്കറ്റ് എക്‌സാമിനർ ഹരിതേഷ് ത്രിപാഠിയും ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യാമിനി കാന്ത് മിശ്രയും കോൺസ്റ്റബിൾ രാജേഷ് കുമാറും ഇടപെട്ടു. എന്നാൽ യുവതി കൂടുതൽ അക്രമാസക്തയാവുകയായിരുന്നു.

ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ യുവതി സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും കയ്യിലുണ്ടായിരുന്ന റേസർ ബ്ലേഡ് ഉപയോഗിച്ച് ആർപിഎഫ് എഎസ്ഐ യാമിനി കാന്ത് മിശ്രയെയും ടിടിഇയെയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഇവർക്കും യുവതിക്കും പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ യൂണിഫോം കീറി. മൊബൈൽ ഫോണിനും തകരാർ സംഭവിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥർ എസി കോച്ചിന്റെ വാതിലുകൾ പൂട്ടിയിട്ടതോടെ, യുവതി കോച്ചിന്റെ ജനൽച്ചില്ല് തകർത്ത് പുറത്തുകടക്കാൻ ശ്രമിച്ചു. തുടർന്ന് ദഹാനു റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതിയെ റെയിൽവേ പോലീസ് (ജിആർപി) കസ്റ്റഡിയിലെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പിന്നീട് ഇവർക്ക് ജാമ്യം അനുവദിച്ചു. എസി കോച്ചിലേക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ നിരാശയാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.