
ദില്ലി: പാക്കിസ്ഥാന്‍റെ പിടിയില്‍ നിന്നും മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ പരിശോധനകള്‍ പൂര്‍ത്തിയായി. യുദ്ധവിമാനം പറത്താന്‍ അഭിനന്ദന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസിലാണ് പരിശോധനകള്‍ നടന്നത്. 35-കാരനായ അഭിനന്ദനെ ഇതിനോടകം തന്നെ നിരവധി പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. വരുന്ന ആഴ്ചയില്‍ മറ്റ് ചില പരിശോധനകള്‍ക്ക് കൂടി അദ്ദേഹത്തെ വിധേയനാക്കും.
ഫെബ്രുവരി 27-നാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍റെ എഫ് -16 വിമാനത്തെ മിഗ്-21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തത്. പാക് വിമാനങ്ങളുടെ തിരിച്ചുള്ള ആക്രമണത്തില്‍ അഭിനന്ദന്‍റെ വിമാനം തകര്‍ന്നു. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് പറന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയായിരുന്നു. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ ഫലമായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഭിനന്ദന്‍ മോചിപ്പിക്കപ്പെട്ടു. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളില്‍ അഭിനന്ദന്‍റെ വാരിയെല്ലിനും നട്ടെലിനും പരിക്കേറ്റതായി കണ്ടെത്തിയിരുന്നു.
സാധാരണയായി വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കുന്നതിന് 12 ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറുണ്ട്. പൂര്‍ണ ആരോഗ്യവാനാകുന്നത് വരെ വൈമാനികര്‍ക്ക് സമയം അനുവദിക്കാറുണ്ട്. ആവശ്യമെങ്കില്‍ അമേരിക്കന്‍ എയര്‍ഫോഴ്സിന്‍റെ കൂടി അഭിപ്രായം തേടുമെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് (എയര്‍) പറഞ്ഞു. നിലവില്‍ ശ്രീനഗറിലുള്ള എയര്‍ഫോഴ്സ് നമ്പര്‍ 51 സ്ക്വാഡിലാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam