രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ദ്ധിച്ചു; രാജ്യത്ത് 2967 കടുവകള്‍

By Web TeamFirst Published Jul 29, 2019, 11:57 AM IST
Highlights

ലോകത്തില്‍ കടുവകളുടെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കി പ്രധാനമന്ത്രി പറ‌ഞ്ഞു. ഏഴ് മാസം മുമ്പാണ് രാജ്യത്തെ കടുവാ സെന്‍സസ് പൂര്‍ത്തിയായത്.

ദില്ലി: രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ദ്ധിച്ചതായി സെന്‍സസ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 2018ലെ കടുവ സെന്‍സസ് റിപ്പോര്‍ട്ട് ദില്ലിയില്‍ പുറത്തുവിട്ടത്. ആഗോള കടുവാദിനത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. സെന്‍സസ് പ്രകാരം 2014ല്‍ 2226 ആയിരുന്നു രാജ്യത്തെ കടുവകളുടെ എണ്ണം എന്നാല്‍ പുതിയ സെന്‍സസ് പ്രകാരം ഇത് 2967 കടുവകളായി ഉയര്‍ന്നു. 

ലോകത്തില്‍ കടുവകളുടെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കി പ്രധാനമന്ത്രി പറ‌ഞ്ഞു. ഏഴ് മാസം മുമ്പാണ് രാജ്യത്തെ കടുവാ സെന്‍സസ് പൂര്‍ത്തിയായത്. 2006 മുതലാണ് കടുവകളുടെ എണ്ണമെടുക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്. 2006 ല്‍ രാജ്യത്ത് 1411 കടുവകളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടപ്പിലാക്കി വരുന്ന കടുവ സംരക്ഷണ ക്യാംപെയിനുകള്‍ വിജയകരമാകുന്നതിന്‍റെ ലക്ഷണം കൂടിയാണ് സെന്‍സസ് ഫലം.

2010ല്‍ 1726 ആയും 2014ല്‍ 2226 ആയും ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ കര്‍ണാടക തന്നെയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ കണക്കെടുപ്പ് വര്‍ഷം 406 എണ്ണമായിരുന്നു കര്‍ണാടകയിലെ കടുവകളുടെ എണ്ണമെങ്കില്‍ ഇത്തവണ അത് 500 കടക്കുമെന്നാണ് സൂചന. മധ്യപ്രദേശും ഉത്തരാഖണ്ഡുമാണ് മഹാരാഷ്ട്രക്ക് പിന്നില്‍.

നൂതനമായ സാങ്കേതിക സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏകദേശം 90 ശതമാനം കടുവകളുടെയും ചിത്രം ലഭിച്ചു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്. 

മിക്ക കടുവ സംരക്ഷണ മേഖലകളിലെയും കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും അധികൃതര്‍ പറയുന്നു. അതേസമയം, കണക്കെടുപ്പിന് ഉപയോഗിച്ച സാങ്കേതികയില്‍ പിഴവുണ്ടെന്നും ഫോട്ടോകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശനം വരുന്നു. 

click me!