
ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ പല ചേരി പ്രദേശങ്ങളിലെയും നിവാസികൾക്ക് ശുദ്ധ ജലവും, ശുചിമുറിയും ഇന്നും ഒരു വിദൂര സ്വപ്നമാണ്. അധികാരികൾ മുറപോലെ കാലാകാലങ്ങളായി വാഗ്ദാനങ്ങൾ നൽകി പോകാറുണ്ട് എന്നാൽ ഇതുവരെ ജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് രാഷ്ട്രീയ നേതാക്കൾ വോട്ട് അഭ്യർത്ഥിച്ച് ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്. വോട്ട് അഭ്യർത്ഥിച്ചതിന് ശേഷം പല മോഹ വാഗ്ദാനങ്ങളും നൽകി പോകും. എന്നാൽ ഇതുവരെയും നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല.
ശുദ്ധ ജലമാണ് ജനങ്ങളുടെ പ്രധാന പ്രശ്നം. വല്ലപ്പോഴും വെള്ളം വണ്ടി വന്നാൽ ബക്കറ്റുകൾ നിറക്കാൻ ആളുകൾ തമ്മിൽ തർക്കമാണ്. വൃത്തിഹീനമായ തെരുവുകളാണ് പിന്നെയുള്ളത്.
എവിടെ ചെന്നാലും തുറന്ന അഴുക്കുചാലുകളും മാലിന്യ കൂമ്പാരങ്ങളും ചേരി പ്രദേശങ്ങളിലെ പതിവ് കാഴ്ചകളാണ്. വെള്ളം ടാങ്കർ വന്നാൽ റോഡ് മുഴുവനും വെള്ളം ചോർന്ന് ചളിയാകും. പലപ്പോഴും ആളുകൾ റോഡിൽ തെന്നി വീണ് പരിക്കുകൾ പറ്റാറുണ്ട്. ശുചിമുറി മാലിന്യങ്ങൾ പോകാൻ കൃത്യമായ സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. രണ്ട് വർഷത്തോളമായി സർക്കാർ ഒരുക്കിയ പൊതു ശൗചാലയങ്ങൾ പ്രവർത്തന യോഗ്യമല്ല. ഇത് കാരണം ആളുകൾക്ക് സ്വന്തമായി ചെറിയ സൗകര്യങ്ങളോടെ ശുചിമുറികൾ നിർമിക്കേണ്ടി വരുന്നു. മഴക്കാലങ്ങളിൽ അഴുക്കുചാലുകൾ നിറഞ്ഞ് ഒഴുകുകയും വീടുകളിൽ വെള്ളം കേറുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി പ്രതിസന്ധികളാണ് ദില്ലിയിലെ ഓരോ ചേരികളിലും താമസിക്കുന്നവർ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നത്.
ഫെബ്രുവരി 5നാണ് ദില്ലി നിയമസഭാ ഇലക്ഷൻ. ഫെബ്രുവരി 8ന് തെരഞ്ഞെടുപ്പ് ഫലവും വരും. ഒരു ബക്കറ്റ് വെള്ളത്തിന്, അതും വൃത്തിഹീനമായ വെള്ളത്തിന് വേണ്ടിയാണ് ഞങ്ങൾ നീണ്ട വരിയിൽ മണിക്കൂറുകളോളം കാത്തുനിന്ന് വോട്ട് ചെയ്യുന്നത്. കാലങ്ങളായി പ്രതിസന്ധിയിലാണ് ഞങ്ങൾ കഴിയുന്നതെന്ന് ചേരിനിവാസികൾ പറയുന്നു.
പിങ്കി കപിലോ എന്ന നിവാസി 5 വയസ്സുള്ളപ്പോഴാണ് ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വന്നത്. ഇന്നവർ 3 കുട്ടികളുടെ അമ്മയാണ്. ഈ കാലഘട്ടത്തിൽ നേരിയ തോതിലുള്ള മാറ്റങ്ങൾ മാത്രമാണ് അവിടെ ഉണ്ടായിട്ടുള്ളതെന്നും അവർ പറയുന്നു.
"പണ്ട് ശുചി മുറികൾ ഉണ്ടായിരുന്നില്ല. പൊതു ശൗചാലയങ്ങളായിരുന്നു അന്ന് സർക്കാർ നൽകിയിരുന്നത്. അതും വല്ലപ്പോഴും മാത്രമായിരിക്കും വൃത്തിയാക്കുന്നത് പോലും. പിന്നീട് ഞങ്ങൾ സ്വന്തം വീടുകളിൽ തന്നെ ചെറിയ ശുചിമുറികളുണ്ടാക്കി. എന്നാൽ ശുചിമുറി മാലിന്യങ്ങൾ പോകുവാനുള്ള കൃത്യമായ സംവിധാനമുണ്ടായിരുന്നില്ല. ഒടുവിൽ ഞങ്ങൾ വീടുകളുടെ പിന്നിൽ ചെറിയ കുഴികളുടെത്ത് ശുചിമുറി മാലിന്യങ്ങൾ പോകാനായി സൗകര്യമൊരുക്കി. എന്നാൽ അത് അത്ര ശുചിത്വമുള്ളതല്ല. പക്ഷെ ഞങ്ങൾക്ക് അതല്ലാതെ മറ്റൊരു മാർഗവുമില്ല"- പിങ്കി പറഞ്ഞു.
കൂലിപ്പണികൾ എടുത്ത് ഓരോ ദിവസവും കഷ്ടിച്ച് കടന്നുപോകുന്ന ഇവർക്ക് അധികാരികൾ ഇനിയെങ്കിലും അത്യാവശ്യ സൗകര്യങ്ങൾ ഒരുകുമെന്ന പ്രതീക്ഷയിലാണ്.
ഒരു ദിവസം രണ്ടുനേരത്തെ ഭക്ഷണം മാത്രം കഴിച്ചാലും ജീവിക്കാം, എന്നാൽ എങ്ങനെയാണ് ശുദ്ധമായ ജലമില്ലാതെ, ആവശ്യത്തിനുള്ള ശൗചാലയം പോലുമില്ലാതെ ഇതൊക്കെ സഹിച്ച് ജീവിക്കാൻ കഴിയുക എന്നാണ് നിവാസികൾ ചോദിക്കുന്നത്.
ഇടക്ക് രാഷ്ട്രീയ നേതാക്കൾ സ്ഥലം സന്ദർശിക്കുകയും ആവശ്യത്തിനുള്ള പൈപ്പ് ലൈനുകളും ടാപ്പുകളും സ്ഥാപിക്കാമെന്ന് പറഞ്ഞ് പോവുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം കുറച്ച് പണിക്കാർ വരുകയും പൈപ്പുകൾ സ്ഥാപിക്കാനുള്ള പ്രവർത്തികൾ ചെയ്യുകയും ചെയ്തു. പിന്നെ അത് പൂർത്തിയാക്കാതെ പണി അവസാനിപ്പിച്ച് പോയെന്നും നിവാസികൾ പറയുന്നു.
വെള്ളത്തിനും ശുചിത്വത്തിനും സുരക്ഷക്കും വേണ്ടി ഓരോ ദിവസവും പോരാടുകയാണ് ഇവർ. നൽകിയ വാഗ്ദാനങ്ങൾ ഇനിയെങ്കിലും പാലിക്കപ്പെടുമെന്ന ആശ്വാസത്തിലാണ് ദില്ലിയിലെ ഓരോ ചേരി പ്രദേശവാസികളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam