
ചണ്ഡിഗഡ്: ഒന്നര കോടിയുടെ ലോട്ടറി അടിച്ചതിന് പിന്നാലെ കൊള്ളക്കാരെ പേടിച്ച് നാടുവിട്ട് ഒരു കുടുംബം. 200 രൂപ നൽകി എടുത്ത ലോട്ടറി ടിക്കറ്റ് ഭാഗ്യം കൊണ്ടുവന്നെങ്കിലും അതിൽ സന്തോഷിക്കാനാവാതെ പ്രാണനും കയ്യിൽപ്പിടിച്ച് ഓടേണ്ട അവസ്ഥയിലാണ് കുടുംബം. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ തൊഴിലാളി കുടുംബത്തിനാണ് ഈ അവസ്ഥ വന്നത്.
നസീബ് കൗർ എന്ന യുവതി എടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം കിട്ടിയെന്ന വാർത്ത ഗ്രാമത്തിലാകെ പരന്നു. ഇതോടെ കുടുംബത്തിന്‍റെ സ്വസ്ഥത നഷ്ടമായി. തങ്ങളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് നസീബ് കൗറും ഭർത്താവ് രാം സിംഗും ഭയന്നു. ദമ്പതികൾ വീട് പൂട്ടി, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ആ ഗ്രാമത്തിൽ നിന്നു തന്നെ പോയി.
ഫരീദ്കോട്ട് പൊലീസ് സംഭവം അറിഞ്ഞ് കുടുംബവുമായി ബന്ധപ്പെട്ടു. കുടുംബത്തിന് സുരക്ഷ ഉറപ്പ് നൽകി. ഡിഎസ്പി തർലോചൻ സിംഗ് പറഞ്ഞതിങ്ങനെ- "15-20 ദിവസം മുമ്പ് നസീബ് കൗർ എന്ന സ്ത്രീ 200 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുത്തു. ആ ടിക്കറ്റിന് 1.5 കോടി രൂപ സമ്മാനം ലഭിച്ചെന്ന് അറിഞ്ഞു. ഈ തുക അപഹരിക്കാൻ ആരെങ്കിലും അപായപ്പെടുത്തുമോയെന്ന് അവർ ഭയമുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഇവിടെയുണ്ടെന്നും കുടുംബത്തിന് ഒരു അപായവും സംഭവിക്കില്ലെന്നും ഞങ്ങൾ അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്"
കൂലിപ്പണിക്കാരാണ് നസീബ് കൗറും ഭർത്താവ് രാം സിംഗും. ഇടയ്ക്കിടെ 50 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്ന ഇവർക്ക് ഇതുവരെ ലോട്ടറി അടിച്ചിരുന്നില്ലെന്ന് ലോട്ടറി വിൽപ്പനക്കാരൻ പറയുന്നു. ഇത്തവണ 50 ന് പകരം 200 രൂപയുടെ ടിക്കറ്റ് എടുക്കാൻ താൻ നിർബന്ധിച്ചു. ഭക്ഷണത്തിനുള്ള പണമാണെന്ന് പറഞ്ഞ് നസീബ് മടിച്ചെങ്കിലും ഒടുവിൽ നിർബന്ധത്തിന് വഴങ്ങി ടിക്കറ്റെടുത്തു. ആ ടിക്കറ്റിന് സമ്മാനം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ലോട്ടറി വിൽപ്പനക്കാരൻ പറഞ്ഞു.