
അഹമ്മദാബാദ്: ബന്ധം തുടരുന്നതിനെ എതിർത്ത കാമുകിയുടെ കുടുംബം, യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം ഗുജറാത്തിലെ നന്ദേഡിലാണ് സംഭവം നടന്നത്. സംസ്കാര ചടങ്ങുകൾക്ക് മുൻപ് മരിച്ച കാമുകൻ്റെ വീട്ടിലെത്തിയ യുവതി മൃതദേഹത്തിന് മുന്നിൽ വെച്ച് നെറ്റിയിൽ സിന്ദൂരം ചാർത്തി, താൻ ഇപ്പോഴും കാമുകനെ പങ്കാളിയായി കണക്കാക്കുന്നുവെന്ന് പ്രഖ്യാപിച്ചു. നന്ദേഡിലെ ജൂന ഗഞ്ചിൽ നിന്നുള്ള സക്ഷം തട്ടേയും ആഞ്ചൽ മാമിൽവാറും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കൊല്ലപ്പെട്ടയാൾക്കും പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ സഹോദരങ്ങൾ സക്ഷമിൻ്റെ സുഹൃത്തുക്കളായിരുന്നു. ഇയാൾ പതിവായി ഇവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ആഞ്ചലുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിക്കണമെന്ന് കുടുംബം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സക്ഷം ബന്ധം തുടർന്നു. ഇത് യുവതിയുടെ കുടുംബത്തെ പ്രകോപിപ്പിച്ചു. സക്ഷമിൻ്റെ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞ ആഞ്ചൽ ഉടൻ തന്നെ വീട്ടിലേക്ക് ഓടിയെത്തുകയും, ശവസംസ്കാര ചടങ്ങുകൾക്ക് മുൻപായി മൃതദേഹത്തിന് സമീപം വെച്ച് നെറ്റിയിൽ സിന്ദൂരം ചാർത്തുകയും ചെയ്തു.
തൻ്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വധശിക്ഷ നൽകണമെന്ന് ആഞ്ചൽ ആവശ്യപ്പെട്ടു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സക്ഷമിനെ കൊലപ്പെടുത്താൻ അവർ ഗൂഢാലോചന നടത്തിയെന്ന് യുവതി ആരോപിച്ചു. തൻ്റെ കുടുംബം തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും, സക്ഷം മറ്റൊരു ജാതിയിൽപ്പെട്ടയാളായതുകൊണ്ടാണ് അവർ അവനെ ലക്ഷ്യമിട്ടതെന്നും ആഞ്ചൽ ആരോപിച്ചു. സക്ഷമിൻ്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഇത്വാര പൊലീസ് ആഞ്ചലിൻ്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, മറ്റ് ചിലർ എന്നിവർക്കെതിരെ കൊലപാതകത്തിനും അതിക്രമത്തിനും കേസെടുത്തു. 12 മണിക്കൂറിനുള്ളിൽ എട്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.