
ബെംഗളൂരു: കർണാടകയെ നടുക്കിയ ബെംഗളൂരുവിലെ 7 കോടിയുടെ കവർച്ച കേസിൽ നിർണായക സൂചനകൾ പൊലീസിന് ലഭിച്ചു. എ ടി എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യ സുത്രധാരർ രണ്ട് മുൻ സൈനികരെന്നാണ് പൊലീസിന് ലഭിച്ച സൂചന. കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനം നൽകിയ ആളെ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ വാഹനം സംഘടിപ്പിച്ചത് ആന്ധ്രയിലെ ചിറ്റൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികൾ ആന്ധ്രക്കാരെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികൾക്ക് പൊലീസ് സഹായം ലഭിച്ചോ എന്നും സംശയമുണ്ട്. ഗോവിന്ദപുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. 1500 സി സി ടി വി ദൃശ്യങ്ങൾ ഇതിനോടകം പരിശോധിച്ചെന്നും 2500 മൊബൈൽ ഫോണുകളിലെ ഡാറ്റകൾ വിശകലനം ചെയ്തെന്നും പൊലീസ് വിവരിച്ചു. പ്രതികൾ ഉടൻ തന്നെ വലിയിലാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
എ ടി എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ട കാറുകളിലൊന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. തിരുപ്പതിയിൽ നിന്നാണ് ഇന്നോവ കാർ ഉപക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചത്. 7 മിനിറ്റ് കൊണ്ട് 7 കോടി രൂപയാണ് കഴിഞ്ഞ ദിവസം കൊള്ളയടിച്ചത്. ഇതെത്തുടർന്ന് നഗരത്തിലുടനീളം പൊലീസ് തെരച്ചിൽ നടത്തുമ്പോൾ സംസ്ഥാനാതിർത്തി കടന്ന് കാർ തിരുപ്പതിയിലെത്തിയെന്നത് പൊലീസിനെ ഞെട്ടിക്കുന്നതാണ്. എ ച്ച്ഡി എഫ് സി ബാങ്കിന്റെ എ ടി എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണമാണ് കൊള്ളയടിച്ചത്. കവർച്ച നടന്ന് ഒന്നര ദിവസമാകുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസെന്ന ആരോപണം ശക്തമാണ്.
തിരുപ്പതിയിൽ ഹോട്ടലുകളിൽ ഉടനീളം പൊലീസ് തെരച്ചിൽ നടത്തുകയാണ്. പണവുമായി പോയ വാനിന്റെ ഡ്രൈവറെയും സുരക്ഷാ ജീവനക്കാരെയും സി എം എസിലെ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തിട്ടും ഒരേ മൊഴിയാണ് ഇവരിൽ നിന്ന് ലഭിക്കുന്നത് എങ്കിലും ആർക്കും പൊലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. പണം കൊണ്ടുപോകുന്ന വിവരം ആരോ ചോർത്തി നൽകിയിട്ടുണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് പൊലീസ്. സി എം എസിൽ ഇപ്പോൾ ജോലി ചെയ്യുന്നവരുടെയും ജോലി ഉപേക്ഷിച്ച് പോയവരുടെയും വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഇവർക്കാർക്കെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.