മുറിയിൽ മകളില്ല, കട്ടിലിൽ പാമ്പിൻ്റെ പടം, സമീപത്ത് മോതിരവും മാലയും വളകളും! പെൺകുട്ടി 'നാഗിനി'യായെന്ന് പ്രചാരണം, കള്ളക്കഥ പൊളിച്ച് യുപി പൊലീസ്

Published : Feb 10, 2026, 03:50 PM IST
മുറിയിൽ മകളില്ല, കട്ടിലിൽ പാമ്പിൻ്റെ പടം, സമീപത്ത് മോതിരവും മാലയും വളകളും! പെൺകുട്ടി 'നാഗിനി'യായെന്ന് പ്രചാരണം, കള്ളക്കഥ പൊളിച്ച് യുപി പൊലീസ്

Synopsis

ഉത്തർപ്രദേശിൽ കാമുകനൊപ്പം ഒളിച്ചോടാൻ യുവതി മെനഞ്ഞത് സിനിമാക്കഥയെ വെല്ലുന്ന നാടകം. താൻ പാമ്പായി മാറിയെന്ന് വരുത്തിത്തീർക്കാൻ കിടക്കയിൽ പാമ്പിൻ്റെ പടം വെച്ചാണ് 25-കാരി വീടുവിട്ടത്. 

ലക്നൗ: ഉത്തർപ്രദേശിലെ ഔറൈയയിൽ നടന്ന ഒരു സംഭവം കേട്ടാൽ ആരും ഒന്ന് ഞെട്ടും. വീട്ടിലെ കിടപ്പുമുറിയിൽ പാമ്പിൻ്റെ പടം വെച്ച ശേഷം യുവതി മുങ്ങി. താൻ പാമ്പായി മാറിയെന്ന് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനായിരുന്നു ഈ നാടകം. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ പൊലീസ് ആ 'നാഗിനി' കഥയുടെ ചുരുളഴിച്ചു. സംഭവം അമാനുഷികമായിരുന്നില്ല. ഒരു ഒളിച്ചോട്ടമായിരുന്നു. 

ഔറൈയ ജില്ലയിലെ ഫാഫുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സിംഗൻപൂർ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ വാൽമീകി കുടുംബത്തിലെ 25-കാരിയായ ഇളയ മകളെയാണ് കാണാതായത്. ഈ കുടുംബത്തിൽ അഞ്ച് പെൺമക്കളും രണ്ട് ആൺമക്കളുമാണുള്ളത്. നാല് പെൺമക്കളുടെയും വിവാഹം കഴിഞ്ഞതാണ്. ഗ്രാമത്തിലെ സ്കൂളിൽ എട്ടാം ക്ലാസ് വരെയാണ് യുവതി പഠിച്ചത്.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതി വീടുവിട്ടത്. പോകുന്നതിന് മുൻപ് എല്ലാം കൃത്യമായി ഒരുക്കിയിരുന്നു. തൻ്റെ മുറിയിലെ കിടക്കയിൽ അഞ്ചടി നീളമുള്ള ഒരു പാമ്പിൻ്റെ പടം വെച്ചു. അതിനടുത്തായി ഒരു മോതിരവും മാലയും കുറച്ച് വളകളും വെച്ചു. ശേഷം ആരുമറിയാതെ വീട്ടിൽ നിന്ന് പുറത്തുപോവുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ യുവതിയെ വിളിച്ചുണർത്താൻ മുറിയിലെത്തിയ വീട്ടുകാർ കിടക്കയിൽ പാമ്പിൻ്റെ പടം കണ്ട് ഞെട്ടി. നിമിഷങ്ങൾക്കകം യുവതി പാമ്പായി മാറിയെന്ന വാർത്ത ഗ്രാമത്തിൽ കാട്ടുതീ പോലെ പടർന്നു. ഇതോടെ സത്യാവസ്ഥ അറിയാനായി നാട്ടുകാർ വീടിന് പുറത്ത് തടിച്ചുകൂടി. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഥയിലെ ട്വിസ്റ്റ് പുറത്തുവരുന്നത്. യുവതിക്ക് തൻ്റെ ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയും മറ്റൊരിടത്ത് യുവതിയുടെ വിവാഹം ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിൽ അസ്വസ്ഥയായ യുവതി കാമുകനൊപ്പം ഒളിച്ചോടാൻ തീരുമാനിച്ചു. തങ്ങൾ ഒളിച്ചോടിയ ശേഷം ആരും അന്വേഷിക്കാതിരിക്കാനും ആളുകളുടെ ശ്രദ്ധ തിരിക്കാനുമാണ് ഇങ്ങനെയൊരു നാടകം കളിച്ചത്. 

കഴിഞ്ഞ രണ്ട് ദിവസമായി യുവതി പാടത്തും വിജനമായ സ്ഥലങ്ങളിലും എന്തോ തിരയുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ആ പാമ്പിൻ്റെ പടം കണ്ടെത്താനായിരുന്നു ഈ തിരച്ചിലെന്നാണ് ഇപ്പോൾ കരുതുന്നത്. പ്രണയബന്ധത്തിൻ്റെ പേരിൽ മുൻപും വീട്ടിൽ പല തവണ വഴക്കുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

ഇതൊരു സിനിമാ സ്റ്റൈലിൽ ആസൂത്രണം ചെയ്ത നാടകമാണെന്ന് പൊലീസ് വ്യക്തമാക്കി. ആളുകളെ വഴിതെറ്റിക്കാൻ യുവതി മനഃപൂർവം പാമ്പിൻ്റെ പടം ഉപേക്ഷിച്ചതാണ്. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയെ ഉടൻ തന്നെ സുരക്ഷിതയായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ, യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും ഔദ്യോഗികമായി പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് അജ്ഞാതർക്കെതിരെ കേസെടുത്ത് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. സാങ്കേതിക സഹായത്തോടെ യുവതി എവിടെയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതോടെ ഗ്രാമത്തിൽ പടർന്ന 'നാഗിനി' കഥകൾക്ക് അവസാനമായെന്ന് അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍; 'കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല'
ഒളിച്ചോട്ടം, രഹസ്യവിവാഹം, ഫോൺ എടുക്കാൻ മറന്ന് 23കാരി, മകളുടെ ഫോണിൽ കണ്ടെത്തിയത് അമ്മയുടെ നഗ്നചിത്രങ്ങൾ, ക്രൂരത