
മുംബൈ: തെരുവുനായകൾക്ക് ഭക്ഷണം കൊടുത്തെന്ന് ആരോപിച്ച് മുംബൈയിൽ സ്ത്രീക്ക് 3.6 ലക്ഷം രൂപ ഹൗസിങ് സൊസൈറ്റി പിഴയിട്ടു. പരസ്യ കമ്പനി ജീവനക്കാരിയായ നേഹ ദത്‌വാനി എന്ന യുവതിക്കാണ് ഇവർ അംഗമായ നിസർഗ് ഹെവൻ സൊസൈറ്റി പിഴ ചുമത്തിയിരിക്കുന്നത്. ദിവസം 2500 രൂപ നിരക്കിൽ അഞ്ച് മാസത്തെ പിഴയാണ് ഇത്.
എന്നാൽ ഫ്ലാറ്റ് കെട്ടിടത്തിന്റെ സമീപത്ത് തന്നെ ജനിച്ച പട്ടികളാണ് ഇവയെന്നാണ് നേഹ ദത്‌വാനി പറയുന്നത്. ജനിച്ചപ്പോൾ മുതൽ പട്ടികളെ പരിപാലിക്കുന്നത് താനാണെന്നും ഈ പിഴ അന്യായമാണെന്നും അവർ പറഞ്ഞു.
തങ്ങളാരും മൃഗങ്ങളോട് സ്നേഹം ഇല്ലാത്തവരല്ലെന്നാണ് സൊസൈറ്റിയുടെ വാദം. തെരുവുനായകൾക്ക് ഭക്ഷണം നൽകരുതെന്നത് ചട്ടമാണെന്നും സൊസൈറ്റിയിലെ 98 ശതമാനം അംഗങ്ങളും അംഗീകരിച്ച പ്രമേയമാണിതെന്നുമാണ് പ്രസിഡന്റ് മിതേഷ് ബോറ പറഞ്ഞത്. ഭൂരിപക്ഷ അഭിപ്രായ പ്രകാരം എടുത്ത തീരുമാനത്തിൽ മാറ്റം വരുത്താൻ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായകൾ പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും ആക്രമിക്കുമെന്നും അതിനാലാണ് അവയെ സൊസൈറ്റിയുടെ പരിധിയിൽ പ്രവേശിപ്പിക്കരുതെന്ന് പറയുന്നതെന്നും ബോറ പറഞ്ഞു.
പക്ഷെ പിഴയടക്കാൻ ഒരുക്കമല്ലെന്നാണ് നേഹ ദത്‌വാനിയുടെ നിലപാട്. താൻ ഇവിടെ നിന്നും താമസം മാറി പോവുകയാണെന്നും തന്റെ സഹോദരിയും അമ്മയും ഇതേ ഫ്ലാറ്റിൽ കഴിയുമെന്നും അവർ പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കും ശല്യമാകാതിരിക്കാനാണ് താൻ താമസം മാറി പോകുന്നതെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam