
ലക്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഇ-റിക്ഷയിൽ വീട്ടിലെത്തിച്ച് ഭാര്യ. ആംബുലൻസിന് നൽകാൻ പണമില്ലാതായതോടെയാണ് സ്ത്രീയ്ക്ക് ഭർത്താവിന്റെ മൃതദേഹം ഇ- റിക്ഷയിൽ വീട്ടിലെത്തിക്കേണ്ടി വന്നത്. ആശുപത്രികളിൽ നിന്ന് കൊവിഡ് രോഗിയായ പിതാവിന് കിടക്കയോ ചികിത്സയോ കിട്ടിയില്ലെന്ന് മരിച്ചയാളുടെ മകൻ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വലിയ തുകയാണ് കൊവിഡ് രോഗിയുമായി പോകാൻ ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ടതെന്നും മകൻ പറഞ്ഞു. വീണുപോകാതിരിക്കാൻ മൃതദേഹം കെട്ടിവച്ച് പോകുന്ന അതിദാരുണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും മോശമായി കൊവിഡ് ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. നിലവിൽ 2.85 ലകഷം പേർക്കാണ് യുപിയിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച 30000 പേർക്കാണ് കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 285 പേർ രോഗം ബാധിച്ച് മരിച്ചു. രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ട നടപടികളെടുക്കുന്നതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam