കൊവിഡ് പരിശോധനയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍; ലക്ഷണങ്ങളില്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പരിശോധനയില്ല

By Web TeamFirst Published May 4, 2021, 10:51 PM IST
Highlights

ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈൽ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിർദേശമുണ്ട്. 

ദില്ലി: കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആർ. ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പരിശോധനയില്ല. മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. റാറ്റ്,ആര്‍ടിപിസിആര്‍ പോസിറ്റിവായവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല. ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈൽ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിർദേശമുണ്ട്. 

കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,02,82,833 ഉം മരണം 222408 ഉം ആയി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ട് മുന്‍പിലുള്ള അമേരിക്കയേക്കാള്‍ വളരെ വേഗത്തിലാണ് രണ്ടാം തരംഗത്തിലെ വ്യാപനം. ഇന്ന് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 357229 പേർക്കാണ്. 3449 പേർ കൊവിഡിന് കീഴടങ്ങി. 

മാസങ്ങളായി ആശങ്കയുടെ കേന്ദ്രമായിരുന്ന മഹരാഷ്ട്രയിൽ കേസുകൾ കുറയുന്നത് ആശ്വാസമാകുന്നു. രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതലാണ് മഹാരാഷ്ട്രയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിൽ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറമെ ഇന്ന് ബീഹാറും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 

click me!