
ചണ്ഡിഗഡ്: സഹായത്തിനായി നിലവിളിച്ചിട്ടും ഒപ്പമുണ്ടായിരുന്നവര്‍ കേണപേക്ഷിച്ചിട്ടും ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും തിരിഞ്ഞു നോക്കാതിരുന്നിതിനെ തുടര്‍ന്ന്, യുവതി കൊടുതണുപ്പില്‍ ആശുപത്രിക്ക് മുന്നില്‍ പ്രസവിച്ചു. ഹരിയാനയിലെ അംബാലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവ് ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും സഹായം തേടിയിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ഇരുവരും പറഞ്ഞു. ഒടുവില്‍ ആശുപത്രിക്ക് മുന്നില്‍ ഇട്ടിരുന്ന പച്ചക്കറി വണ്ടിയില്‍ കിടന്നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
"ദൈവമാണ് അവരെ രക്ഷിച്ചത്. ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ദൈവങ്ങളെപ്പോലെയാണ് ഞാന്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് എനിക്ക് എല്ലാവരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു" - യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പഞ്ചാബിലെ മൊഹാലി ജില്ലക്കാരനായ യുവാവ് ഗര്‍ഭിണിയായ തന്റെ ഭാര്യയെ ആശുപത്രിയുടെ അകത്തേക്കൊന്ന് പ്രവേശിപ്പിക്കാന്‍ പലരെയും സമീപിച്ചെങ്കിലും ആരും കനിഞ്ഞില്ല. ഒരു സ്ട്രെച്ചര്‍ കൊണ്ടുവരാന്‍ പോലും ആരും തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒടുവില്‍ ആശുപത്രി ഗേറ്റിന് മുന്നില്‍ തന്നെയുള്ള തെരുവില്‍ യുവതി പ്രസവിക്കുകയും ചെയ്തു.
റോഡില്‍ പ്രസവം നടന്നുവെന്ന വാര്‍ത്ത പരന്നതോടെ ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി. ഒടുവില്‍ ജീവനക്കാരെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രി വാര്‍ഡിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും വീഴ്ചയുണ്ടെങ്കിൽ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു. ആംബുന്‍സുകളും സൗജന്യ പ്രസവ ശുശ്രൂഷയുമൊക്കെ നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും സമയത്ത് ലഭിക്കാതെ പോയത് എന്തു കൊണ്ടാണെന്ന് അന്വേഷിക്കും. എന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍ നടപടിയുണ്ടാകും - അദ്ദേഹം പറഞ്ഞു.
സംഭവം അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചതായി ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ സംഗീത സിംഗ്ല പറഞ്ഞു. എന്ത് നടപടിയെടുക്കും എന്ന ചോദ്യത്തിന്, ഈ കേസ് പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ താക്കീത് നല്‍കുമെന്നായിരുന്നു അവരുടെ പ്രതികരണം. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു സ്ത്രീ എത്തിയാല്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും അവരെ പരിഗണിക്കേണ്ടതായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...