
ബാഗ്പത്: 'ഏഴ് ജന്മം കൂടെയുണ്ടാകുമെന്ന്' വാഗ്ദാനം നൽകിയ ഭർത്താവ് രണ്ട് വർഷത്തിന് ശേഷം വിവാഹമോചനം ആവശ്യപ്പെട്ടതിൽ മനംനൊന്ത് യുവതി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. ബാഗ്പത് ജില്ലയിലെ റാത്തോഡ ഗ്രാമത്തിലാണ് 24 വയസ്സുകാരിയായ മനീഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ശരീരത്തിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചായിരുന്നു മനീഷയുടെ ആത്മഹത്യ. കുറിപ്പിൽ ഭർത്താവിനും വീട്ടുകാര്‍ക്കെതിരെയും മനീഷ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
കീടനാശിനി കഴിക്കുന്നതിന് മുൻപ്, വിവാഹശേഷം തനിക്ക് നേരിടേണ്ടി വന്ന എല്ലാ വേദനകളും മനീഷ തന്റെ കൈകളിലും കാലുകളിലും എഴുതിവെച്ചിരുന്നു. "എന്റെ മരണത്തിന് എന്റെ ഭർത്താവ്, അമ്മായിയമ്മ, അമ്മായിയപ്പൻ, രണ്ട് സഹോദരീ ഭർത്താക്കന്മാർ എന്നിവരാണ് ഉത്തരവാദികൾ. അവർ റാത്തോഡയിൽ വന്ന് എന്റെ കുടുംബത്തെ മുഴുവൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഭർത്താവ് എന്നെ ഒരുപാട് മര്‍ദ്ദിച്ചു, ഒരു മുറിയിൽ പൂട്ടിയിട്ട് ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടുവെന്നും അവൾ എഴുതി.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നുവെന്നും മനീഷയുടെ കുറിപ്പിലുണ്ട്. കൂടുതൽ സ്ത്രീധനം കിട്ടാതെ വന്നതോടെ ഗുളികകൾ നൽകി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു. അനുനയ ചര്‍ച്ചകൾക്കിടെ ഗ്രമാവാസികളുടെ മുന്നിൽ വച്ച് ഭർത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുടുംബത്തെ അപമാനിക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്നും മനീഷ കുറിപ്പിൽ പറയുന്നു.
2023-ലായിരുന്നു മനീഷയുടെ വിവാഹം. സ്ത്രീധനമായി ഒരു ബുള്ളറ്റ് ബൈക്ക് നൽകിയിരുന്നു. ഇതിനുശേഷവും ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. ആവശ്യം നിറവേറ്റാതെ വന്നപ്പോൾ, മനീഷയുടെ ഭർത്താവ് മദ്യപിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം അവളെ മർദിക്കാറുണ്ടായിരുന്നുവെന്നും പട്ടിണിക്കിട്ടെന്നും കുടുംബം ആരോപിക്കുന്നു. ഭർത്താവ് വിവാഹമോചന രേഖകളിൽ ഒപ്പിടാൻ മനീഷയോട് ആവശ്യപ്പെട്ടപ്പോൾ അവൾ വിസമ്മതിച്ചു.
ബുധനാഴ്ച രാവിലെ കുടുംബാംഗങ്ങൾ ഉണർന്നപ്പോൾ മനീഷയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചെത്തിയ പൊലീസ് ഫോറൻസിക് പരിശോധന നടത്തി. അപ്പോഴാണ് ഏഴ് ജന്മം കൂടെയുണ്ടാകുമെന്ന്' പറഞ്ഞ ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്ന് തുടുങ്ങുന്ന ആത്മഹത്യ കുറിപ്പ് ശരീരത്തിൽ എഴുതിയതായി കണ്ടെത്തിയത്. സംഭവം അന്വേഷിച്ചുവരികയാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.