
പനാജി: ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ 'റോമിയോ ലെയ്ൻ' ബീച്ച് ഷാക്കിൽ തന്നെയും കുടുംബാംഗങ്ങളെയും ക്ലബ് ജീവനക്കാർ ആക്രമിച്ചെന്ന് മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി. നവംബർ ഒന്നിന് രാത്രി ക്ലബ് സന്ദർശിച്ച വൈഭവ് ചന്ദേൽ എന്ന യുവതി, ക്ലബ് ജീവനക്കാർ തങ്ങളോട് മോശമായി സംസാരിക്കുകയും പെരുമാറുകയും റോഡ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി നൽകിയിരിക്കുന്നത്. നവംബർ ഒന്നിന് രാത്രി കസിൻസിനൊപ്പം വാഗേറ്ററിലെ റോമിയോ ലെയ്ൻ ക്ലബ്ബിൽ എത്തിയതായിരുന്നു ചന്ദേൽ. ആകെ 13 പേരുണ്ടായിരുന്നു. ക്ലബ്ബ് ഏറെ സ്ഥലപരിമിതിയിലായിരുന്നു പ്രവര്‍ത്തിച്ചത്. എൻട്രൻസും എക്സിറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും യുവതി പറഞ്ഞു. പുലർച്ചെ 3 മണിയോടെ ക്ലബ്ബിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ, വലിയ ഒരു കസേര വഴിയിൽ തടസ്സമായി കിടപ്പുണ്ടായിരുന്നു. ഇത് കസിൻ കാലുകൊണ്ട് തട്ടിമാറ്റി. ഇത് ജീവനക്കാരെ പ്രകോപിപ്പിച്ചു.
ക്ലബ്ബ് മാനേജർ ഉടൻ തന്നെ വലിയ ദേഷ്യത്തോടെ പ്രതികരിച്ചു. നിങ്ങൾ ഫർണിച്ചർ നശിപ്പിക്കുകയാണ്, നേരത്തെ തന്നെ നിങ്ങളെ പുറത്താക്കേണ്ടതായിരുന്നു. ഇവിടെ വരാനുള്ള യോഗ്യതയൊന്നും നിങ്ങൾക്കില്ലെന്നും പറഞ്ഞ് കസിന്റെ കോളറിൽ പിടിച്ചെന്നും ചന്ദേൽ പറഞ്ഞു. മാപ്പ് പറഞ്ഞ് പോകാൻ ശ്രമിച്ചപ്പോൾ മാനേജർ സുരക്ഷാ ജീവനക്കാരെയും ബൗൺസർമാരെയും വിളിച്ചുവരുത്തി. അവർ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയും റോഡ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. സഹോദരിയുടെ നെഞ്ചിൽ അടിച്ചു. പടിക്കെട്ടുകളിൽ നിന്ന് തള്ളിവീഴ്ത്തുകയും ചെയ്തു. പുറത്തുകടക്കാതിരിക്കാൻ എൻട്രി ഗേറ്റിൽ അവർ ബാരിക്കേഡ് സ്ഥാപിച്ചു. സഹോദരൻ ഇത് മാറ്റാൻ ശ്രമിച്ചപ്പോൾ, ഒരു ബൗൺസർ റോഡുമായി വന്ന് ക്രൂരമായി മർദ്ദിച്ചു.
സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ തന്നെ തല്ലുകയും ടീഷർട്ട് വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തതായി യുവതി നൽകിയ എഫ്ഐആറിൽ പറയുന്നു. ജീവനക്കാർ മോശം ഭാഷ ഉപയോഗിക്കുന്നത് തുടർന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ പിറ്റേന്നാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചത്. വലിയ പരിശ്രമങ്ങൾക്കൊടുവിൽ മാനേജർ അജയ് കവിത്കർ, മറ്റൊരു ജീവനക്കാരനായ ജുനൈദ് അലി, സുരക്ഷാ ജീവനക്കാർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരാതിയിൽ ലുത്ര സഹോദരന്മാരായ ഗൗരവ്, സൗരഭ് എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും, സംഭവസമയം അവർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് പോലീസ് പേരുകൾ ഒഴിവാക്കിയെന്ന് യുവതി ആരോപിച്ചു. "സ്ത്രീകളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഗോവയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും," എന്ന് ചന്ദേൽ പറഞ്ഞു. നേരത്തെ, ഇതേ ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു നിശാക്ലബ്ബായ 'ബിർച്ച് ബൈ റോമിയോ ലെയ്ൻ'ലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ചതിനെ തുടർന്ന് 'റോമിയോ ലെയ്ൻ' ബീച്ച് ഷാക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ഉത്തരവനുസരിച്ച് പൊളിച്ചുനീക്കിയിരുന്നു. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് ഈ റസ്റ്റോറന്റ് നിർമ്മിച്ചിരുന്നത്. തീപിടിത്തത്തിന് മണിക്കൂറുകൾക്ക് ശേഷം നരഹത്യാക്കുറ്റം ചുമത്തപ്പെട്ട ഗൗരവ്, സൗരഭ് ലുത്രമാർ ഇൻഡിഗോ വിമാനത്തിൽ തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് കടന്നുകളയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam