
ദില്ലി: ഭര്‍ത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം താമസിച്ച് വീട്ടമ്മ. ദില്ലിയിലാണ് മനോവൈകല്യമുള്ള 55കാരിയായ സ്ത്രീ ഭര്‍ത്താവിന്‍റെ മൃതദേഹത്തിനൊപ്പം താമസിച്ചത്. ഒടുവില്‍ ഒമ്പതു വയസ്സുകാരിയായ മകളാണ് മരണവിവരം പുറത്തറിയിച്ചത്.
ആരോഗ്യ സംബന്ധമായ കാരണങ്ങള്‍ മൂലമാണ് ഇവരുടെ ഭര്‍ത്താവായ 59കാരന്‍ മരിച്ചത്. എന്നാല്‍ മനോവൈകല്യത്തിന് ചികിത്സ തുടരുന്ന ഭാര്യക്ക് ഭര്‍ത്താവ് മരിച്ചത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ അമിത് കൗശിക് പറഞ്ഞു. ഞായറാഴ്ച മുതലാണ് ഇയാളെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. ആ ദിവസം തന്നെയാണ് ഇയാള്‍ മരിച്ചതെന്നാണ് കരുതുന്നതെന്നും കുറഞ്ഞത് 24 മണിക്കൂറെങ്കിലും മൃതദേഹത്തോടൊപ്പം വീട്ടമ്മ താമസിച്ചതായും പൊലീസ് അറിയിച്ചു.
ഞായറാഴ്ച മുതല്‍ ഭര്‍ത്താവ് മരിച്ചതറിയാതെ മൃതദേഹത്തോടൊപ്പം ഒരേ മുറിയില്‍ ഒരേ കട്ടിലിലായിരുന്നു വീട്ടമ്മ കഴിഞ്ഞത്. ഒമ്പതു വയസ്സുകാരിയായ മകളും വീട്ടില്‍ സഹായത്തിനെത്തുന്ന സ്ത്രീയും ഭര്‍ത്താവിനെക്കുറിച്ച് തിരക്കിയപ്പോള്‍ സുഖമില്ലെന്നും വിശ്രമിക്കുകയാണെന്നുമാണ് ഇവര്‍ മറുപടി നല്‍കിയത്. എന്നാല്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ ഇതില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.
മുറിയിലെത്തിയ മകള്‍ പിതാവിന്‍റെ വായില്‍ നിന്നും രക്തം ഒലിക്കുന്നത് കാണ്ടു. തട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ പെണ്‍കുട്ടി തന്‍റെ അമ്മാവനെ വിവരമറിയിക്കുകയായിരുന്നു. ഇതേസമയം വീട്ടിലെത്തിയ അയല്‍വാസികള്‍ മുറിയില്‍ നോക്കിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. മൃതദേഹം വീട്ടില്‍ നിന്ന് കൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ സ്ത്രീ എതിര്‍ത്തതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസാധാരണമായൊന്നും ഇല്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam