
അഹമ്മദാബാദ്: കണ്ണിൽ മുളകുപൊടി എറിഞ്ഞ് ജ്വല്ലറിയിൽ കവർച്ച നടത്താനുള്ള സ്ത്രീയുടെ ശ്രമം പരാജയപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാണ്. അഹമ്മദാബാദിലെ ഒരു ജ്വല്ലറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ദുപ്പട്ട കൊണ്ട് മുഖം ഭാഗികമായി മറച്ച സ്ത്രീ, സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് അഹമ്മദാബാദിലെ റാണിപ് പ്രദേശത്തെ ജ്വല്ലറിയിൽ എത്തിയത്. നവംബർ മൂന്നിന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമായിരുന്നു ഇത്. ജ്വല്ലറിയിലെ ജീവനക്കാരൻ ഏത് ആഭരണം വാങ്ങാനാണ് വന്നതെന്ന് ചോദിക്കുന്നതിനിടെയായിരുന്നു സ്ത്രീയുടെ അപ്രതീക്ഷിത നീക്കം,
കയ്യിൽ കൊണ്ടുവന്ന മുളകുപൊടി സ്ത്രീ ജീവനക്കാരന്‍റെ കണ്ണിലേക്ക് എറിഞ്ഞു. ആദ്യമൊന്ന് പകച്ചെങ്കിലും ജീവനക്കാരൻ ഉടനെ സീറ്റിൽ നിന്ന് എഴുന്നേറ്റ് സ്ത്രീയെ പൊതിരെ തല്ലാൻ തുടങ്ങി. ദേഷ്യം ശമിക്കാതെ 15 സെക്കൻഡിനുള്ളിൽ ഏകദേശം 17 തവണ മുഖത്തടിച്ചു. തുടർന്ന് കടയിൽ നിന്ന് തള്ളി പുറത്താക്കുകയും ചെയ്തു. തുടർന്ന് സ്ത്രീ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു.
പൊലീസ് എത്തുന്നതിനുമുമ്പ് സ്ത്രീ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കടയിലെ സിസിടിവിയിൽ ഈ സംഭവം പതിഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റാണിപ് പൊലീസ് സ്ത്രീക്കായി തെരച്ചിൽ ആരംഭിച്ചു.