24 മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധിക്ക് പരിഹാരം; ദില്ലി വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് എഎഐ

Published : Nov 08, 2025, 12:43 AM IST
 Delhi airport technical glitch

Synopsis

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചു. 24 മണിക്കൂറിലേറെ നീണ്ട ഈ പ്രതിസന്ധി കാരണം 800-ഓളം വിമാനങ്ങൾ വൈകി. പ്രശ്നം പരിഹരിച്ചതായി എഎഐ.

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ ആയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധിയാണ് രാജ്യതലസ്ഥാനത്ത് മാറിയിരിക്കുന്നത്.

എയർ ട്രാഫിക് കണ്‍ട്രോൾ ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലാണ് സാങ്കേതിക തകരാർ സംഭവിച്ചത്. നവംബർ 6 മുതലാണ് പ്രശ്നം തുടങ്ങിയത്. ഐപി അധിഷ്ഠിത എഎംഎസ്എസ് സിസ്റ്റത്തിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന്, സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി സമീർ കുമാർ സിൻഹ, എഎഐ ചെയർമാൻ വിപിൻ കുമാർ, എഎഐ അംഗം എം. സുരേഷ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അടിയന്തര അവലോകന യോഗം വിളിച്ചു ചേർത്തു. പ്രശ്നത്തിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കാൻ സാധിച്ചെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. സിസ്റ്റത്തിന്‍റെ സ്ഥിരതയും പ്രവർത്തനക്ഷമതയും നിരീക്ഷിക്കുന്നതിനായി ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെയും എഎഐയിലെയും ഉദ്യോഗസ്ഥരടങ്ങിയ സംഘം ഇപ്പോഴും വിമാനത്താവളത്തിൽ തുടരുകയാണെന്ന് പിഐബി അറിയിച്ചു.

എ.എം.എസ്.എസ് ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ട്. ബാക്‍ലോഗ് ഡാറ്റ കാരണം ഓട്ടോമേറ്റഡ് പ്രക്രിയകളിൽ ചെറിയ കാലതാമസം ഇപ്പോഴും ഉണ്ടായേക്കാം. വൈകാതെ എല്ലാം പൂർണതോതിൽ സാധാരണ നിലയിലാകുമെന്നും പിഐബി അറിയിച്ചു. വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ എയർപോർട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

വൈകിയത് 800 വിമാനങ്ങൾ

ദില്ലി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകളാണ്. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. സാങ്കേതിക പ്രശ്നം കാരണം ഉദ്യോഗസ്ഥർക്ക് നേരിട്ട് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്യേണ്ടിവന്നു. ഇതാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. പല വിമാനങ്ങളും മണിക്കൂറുകൾ വൈകി. ചില വിമാനങ്ങൾ റദ്ദായി. ദില്ലി വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായത് രാജ്യത്തെ പല വിമാനത്താവളങ്ങളുടെയും പ്രവർത്തനത്തെയും ബാധിച്ചു. അതേസമയം ദില്ലിയിലടക്കം തെറ്റായ സിഗ്നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമം നടക്കുന്നതായും ഡിജിസിഎ ഇതിൽ അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇതാണോ തകരാറിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'