
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ 14.69 കോടി രൂപ വിലവരുന്ന ഏഴ് കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. സോപ്പ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡി.ആർ.ഐ) തിങ്കളാഴ്ചയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ നിന്നുള്ള ലാൽജാം ലുവായി, മിസോറാമിൽ നിന്നുള്ള ലാൽതാങ്ലിയാനി എന്നീ രണ്ട് സ്ത്രീകളെ കോട്ടൺപേട്ടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇവര്‍ വൻ അന്തർസംസ്ഥാന കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഡിആര്‍ഐക്ക് രഹസ്യ വിവരം ലഭിക്കുകയും പിന്നാലെ കടത്തുകാരെ തിരിച്ചറിയുകയുമായിരുന്നു. 40 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാമിലധികം കൊക്കെയ്നുമായി യാത്രക്കാരനെ ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ടിൽ ഡി.ആർ.ഐ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. യാത്രക്കാരൻ മാഗസിൻ കവറുകളിൽ അതിവിദഗ്ദ്ധമായി കൊക്കെയ്ൻ ഒളിപ്പിക്കുകയായിരുന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു.
മറ്റൊരു സംഭവത്തിൽ, മാർച്ച് 3-ന് ദുബായിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ 33 വയസ്സുകാരനായ ഒരു യാത്രക്കാരനിൽ നിന്ന് 14.2 കിലോഗ്രാം വിദേശ നിർമ്മിത സ്വർണ്ണക്കട്ടികൾ ഡി.ആർ.ഐ പിടികൂടിയിരുന്നു. ഇതിന് 12.56 കോടി രൂപ വിലവരും. അസാധാരണ തൂക്കമുള്ള ഒരു പുസ്തകം ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന നടത്തിയത്. ഇതിൽ കൊക്കെയ്നാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam