
ചെന്നൈ: അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് വഴിവയ്ക്കുമെന്ന് തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി.നാഗരാജ്. ഷോട്സ് ധരിക്കുന്നവർ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുകയാണെന്നും ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തുകയാണെന്നുമുള്ള വി.നാഗരാജിന്‍റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. പെൺകുട്ടികളുടെ അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് വഴിവയ്ക്കുമെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ മാറുന്നതിന് ഇടയാക്കുമെന്നുമുള്ള പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ക്ലാസ് പ്രതിനിധികളുടെ യോഗത്തിലായിരുന്നു വിസി വിവാദ പരാമർശങ്ങൾ നടത്തിയത്. പരാമർശം പിൻവലിക്കണമെന്നും വിസി മാപ്പ് പറയണമെന്നുമാവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണ് തകരാർ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തി വിദ്യാർഥികൾ ക്യാംപസിൽ വലിയ പ്രതിഷേധം നടത്തി. എന്നാൽ സ്ഥാപനത്തിന്റെ സൽപേര് കൂട്ടാനുള്ള നിർദേശമാണ് നൽകിയതെന്നാണ് വിസി വിവാദങ്ങളോട് പ്രതികരിച്ചത്. യൂണിവേഴ്സിറ്റിയുടെ പ്രശസ്തിക്ക് വസ്ത്രധാരണം കാരണമാണെന്നാണ് നാരാജ് അവകാശപ്പെടുന്നത്.
നേരത്തെയും വസ്ത്രധാരണത്തിനെതിരെ പരാമർശം നടത്തി നാഗരാജ് വിവാദത്തിൽ പെട്ടിരുന്നു. 2016ൽ ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരിക്കെ നാഗരാജ് നടത്തിയ പരാമർശത്തിനെതിരെ വിദ്യാർഥികൾ ഷോട്സ് ധരിച്ചെത്തി പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ അന്ന് നടത്തിയ പരാമർശത്തിൽ അഭിമാനിക്കുന്നുവെന്നാണ് ഇപ്പോഴും വിസിയുടെ നിലപാടെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam