സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനം; എതിര്‍പ്പുമായി ഹിന്ദു സംഘടനകൾ

By Web TeamFirst Published Jun 13, 2021, 12:11 PM IST
Highlights

 കരുണാനിധി തുടക്കമിട്ടതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഡിഎംകെ പ്രതികരണം. സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുമെന്നും പാർട്ടി

ചെന്നൈ: സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം സ്വാഗതം ചെയ്ത് ഡിഎംകെ. കരുണാനിധി തുടക്കമിട്ടതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഡിഎംകെ പ്രതികരണം . 2006ൽ ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരാക്കാനുള്ള തീരുമാനം കരുണാനിധി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുമെന്നും പാർട്ടി പ്രസ്താവനയിൽ പ്രതികരിച്ചു. 

സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്നും  താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്നുമാണ് തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു അറിയിക്കുകയും ചെയ്തു. ഇതിനെ അനുകൂലിച്ചാണ് ഡിഎംകെ രംഗത്തെത്തിയത്. 

തമിഴ്നാട്ടില്‍ മുപ്പതിലധികം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ പൂജാരിമാരുടെ ഒഴിവുണ്ട്. പുരുഷന്‍മാര്‍ മാത്രം പൂജാരിമാരായുള്ള ക്ഷേത്രങ്ങളുണ്ട്, പരിശീലനം നേടിയ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പൂജ നടത്താന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അനുകൂല നിലപാടാണ് ഉണ്ടായത്.  മുഖ്യമന്ത്രി സ്റ്റാലിന്‍ ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും. സര്‍ക്കാര്‍ തീരുമാനത്തോട് അണ്ണാഡിഎംകെയും ബിജെപിയും പ്രതികരിച്ചിട്ടില്ല.

അതേസമയം സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനത്തെ എതിർത്ത് ചില ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പൂജാരിമാര്‍ ഉൾപ്പെടുന്ന ഹിന്ദു ചാരിറ്റബിൾ ട്രസ്റ്റ് യോഗം വിളിച്ചു. 36,441 ക്ഷേത്രങ്ങളിലാണ് സ്ത്രീകള്‍ക്കും നിയമനം നല്‍കാന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്. എന്നാല്‍ പരമ്പരാഗതമായി പുരുഷന്‍മാര്‍ മാത്രം പൂജ ചെയ്യുന്ന ക്ഷേത്രങ്ങളില്‍ മാറ്റം കൊണ്ടുവരാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് പൂജാരിമാര്‍ ഉള്‍പ്പെട്ട ഹിന്ദു റിലീജയസ് ട്രസ്റ്റ് സര്‍ക്കാരിനെ അറിയിച്ചു. ആചാരലംഘനത്തിന് കാരണമാകുമെന്നും നീക്കത്തില്‍ നിന്ന് പിന്‍മാറമണമെന്നും സംഘടന ആവശ്യപ്പെട്ടു.

ദേവസ്വംവകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ സംസ്കൃതമൊഴിവാക്കി തമിഴില്‍ പൂജ ചെയ്യാനുള്ള അനുമതി കര്‍ശനമായി നടപ്പാക്കും. ഒരു വിഭാഗം ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനിടയിലും പുരോഗമനപരമായ തീരുമാനം എന്ന് വിശേഷിപ്പിച്ച് പിന്തുണയുമായി നാം തമിഴര്‍ കക്ഷി ഉള്‍പ്പടെ തമിഴ് സംഘടനകള്‍ രംഗത്തെത്തി.

കരുണാനിധി തുടക്കമിട്ട വിപ്ലവം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഡിഎംകെ. താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിശീലനം നല്‍കി ഒഴിവുള്ള എല്ലാ ക്ഷേത്രങ്ങളിലും നിയമിക്കാനുള്ള നടപടി തുടങ്ങി. ഹിന്ദു മതത്തിലെ ഏത് വിഭാഗക്കാര്‍ക്കും ഇതിന് അപേക്ഷിക്കാം എന്ന് തമിഴ്നാട് ദേവസ്വം വകുപ്പ് അറിയിച്ചു. 2006ല്‍ അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കുന്നതിനുള്ള നടപടി കരുണാനിധി സര്‍ക്കാര്‍ തുടങ്ങിയിരുന്നു. അധികാരത്തില്‍ എത്തിയാല്‍ നൂറ് ദിവസത്തിനകം ഇത് നടപ്പാക്കുമെന്നായിരുന്നു ഡിഎംകെ തെരഞ്ഞെടുപ്പ് വാഗ്ദാനം. 200 പേരെ ഇങ്ങനെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!