വനിത എസ്ഐയെ വെടിവച്ചു കൊന്നത് സഹപ്രവര്‍ത്തകന്‍, ശേഷം സ്വയം വെടിവച്ച് മരിച്ചു; വിവാഹഭ്യര്‍ത്ഥന നിരസിച്ചത് കാരണം

By Web TeamFirst Published Feb 8, 2020, 1:36 PM IST
Highlights

പട്പട്ഗഞ്ച് ഇന്റസ്ട്രിയൽ മേഖല സബ് ഇൻസ്പെക്ടർ ആണ് പ്രീതി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രോഹിണിയിൽ മെട്രോയിറങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴി ദീപാൻഷു റാത്ത് ചാടിവീഴുകയും പ്രീതിക്കുനേരെ മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു. 

ദില്ലി: ദില്ലിയിൽ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ വെടിയേറ്റു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സോനിപത് സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ്‍ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പൊലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം ഉണ്ടായിരുന്ന ദീപാന്‍ഷു രഥി എന്ന യുവാവാണ് പ്രീതിക്കുനേരെ വെടിയുതിര്‍ത്തത്. സബ് ഇന്‍സ്പെക്ടറായ ദീപാൻഷു റാത്തിനെ പിന്നീട് ഹരിയാനയിലെ സോനിപത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പട്പട്ഗഞ്ച് ഇന്റസ്ട്രിയൽ മേഖല സബ് ഇൻസ്പെക്ടർ ആണ് പ്രീതി.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രോഹിണിയിൽ മെട്രോയിറങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴി ദീപാൻഷു റാത്ത് ചാടിവീഴുകയും പ്രീതിക്കുനേരെ മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു. തലയിൽ വെടിയേറ്റ പ്രീതി തൽക്ഷണം മരിച്ചു. പല തവണ ദീപാൻഷു വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും പ്രീതി നിരസിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഹരിയാനയിലെ പൊലീസ് ട്രെയിനിങ്ങ് അക്കാദമിയിൽ ഒരുമിച്ച് പഠിച്ചവരാണ്.

Read More: വനിത പൊലീസ് എസ് ഐയെ വെടിവച്ചുകൊന്നു; അക്രമിയെ പിടികൂടാന്‍ സിസിടിവി പരിശോധന

പ്രീതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എസ്ഡി മിശ്ര പറ‍ഞ്ഞു. അതേസമയം, ദില്ലി തെരഞ്ഞെടുപ്പിനു തലേദിവസമാണ് തലസ്ഥാന നഗരിയെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

click me!