ദില്ലി: ദില്ലിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയിൽ. പട്പട്ഗഞ്ച് ഇന്റസ്ട്രിയൽ മേഖല സബ് ഇൻസ്പെക്ടർ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രോഹിണി മെട്രോ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴി അക്രമി ചാടിവീഴുകയും മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു. തലയിൽ വെടിയേറ്റ പ്രീതി തൽക്ഷണം മരിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതായി അറിയിച്ചു. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ഇവരുടെ ബാഗും മാലയും മോഷണം പോയിട്ടുണ്ട്. 2018 ബാച്ച് ഉദ്യോഗസ്ഥയായ രോഹിണി ഹരിയാന സ്വദേശിയാണ്.

ഇന്ന് ദില്ലി തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് വലിയ സുരക്ഷ ക്രമീകരണങ്ങളാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുന്പുണ്ടായ സംഭവം പൊലീസിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.