
ദില്ലി : ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ സ്ത്രീയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ, അതിക്രമം നേരിട്ട സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചു. വിമാനത്തിൽ അപമര്യാദയായി പെരുമാറുന്നവർക്കെതിരെ നടപടിയെടുക്കാൻ മാർഗരേഖ വേണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഡിജിസിഎയ്ക്കും വിമാന കമ്പനികൾക്കും ഇക്കാര്യത്തിൽ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നവംബർ 26 നാണ് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു.
ഇൻഡിഗോ വിമാനത്തിൽ മദ്യപ സംഘത്തിന്റെ അതിക്രമം, 2 പേർ പിടിയിൽ
എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ പരാതി പൊലീസിന് കൈമാറിയത്. പരാതി പൊലീസിന് ലഭിച്ചതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഒടുവിൽ ശ്രമകരമായ അന്വേഷണത്തിന് ഒടുവിൽ ബംഗ്ലൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പരാതിക്ക് പിന്നാലെ, എയർ ഇന്ത്യ ശങ്കർ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കിയിരുന്നു. മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പും നൽകിയിരുന്നു.