
ഔറയ്യ: പാനി പൂരി കഴിക്കാനുള്ള ശ്രമത്തിനിടെ യുവതിയുടെ താടിയെല്ലുകളുടെ സ്ഥാനം മാറി. ഉത്തർ പ്രദേശിലെ ഔറയ്യയിലാണ് സംഭവം. ഇങ്കിലാ ദേവിയെന്ന സ്ത്രീയുടെ പതിവ് ശീലങ്ങളിലൊന്നായിരുന്നു പാനി പൂരി കഴിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പതിവ് പോലെ ബന്ധുവിനൊപ്പം പാനി പൂരി കഴിക്കാനെത്തിയ സ്ത്രീയെ കാത്തിരുന്നത് തീർത്തും അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു. സാധാരണയിലും അൽപം വലുപ്പം കൂടിയ ഒരു പാനി പൂരി വായിലാക്കാനുള്ള ശ്രമത്തിനിടയിലാണ് ഇങ്കിലാ ദേവിയുടെ താടിയെല്ലുകൾ വിട്ടുപോയത്. പിന്നാലെ യുവതിയെയും കൊണ്ട് ബന്ധു സമീപത്തെ ആശുപത്രിയിലെത്തുകയായിരുന്നു. എന്നാൽ താടിയെല്ല് യഥാ സ്ഥാനത്തേക്ക് തിരിച്ച് പിടിച്ചിടാൻ വൈദഗ്ധ്യമുള്ള ഡോക്ടർമാർ ഇവിടെ ഇല്ലാതെ വന്നതോടെ ഇങ്കിലാ ദേവിയെ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വായ പൂർണമായും തുറന്ന് കിടക്കുന്ന നിലയിലാണ് സ്ത്രീ ചികിത്സ തേടിയത്.
ആദ്യം എത്തിയ ക്ലിനിക്കിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് മുൻപ് പലപ്പോഴായി പാനി പൂരി കഴിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമെന്നാണ് ഇങ്കില വിശദമാക്കുന്നത്. താടിയെല്ല് ഇത്തരത്തിൽ സ്ഥാനം തെറ്റുന്നത് അപൂർവ്വമെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. വളരെയധികം വേദന രോഗിക്ക് അനുഭവപ്പെടുന്ന അവസ്ഥകളിലൊന്നാണ് ഇതെന്നും വിദഗ്ധർ വിവരിക്കുന്നു.
പെട്ടന്ന് തന്നെയുള്ള പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യം നീളുമെന്നുമുള്ള മുന്നറിയിപ്പും ഡോക്ടർമാർ നൽകുന്നുണ്ട്. മണ്ഡിബുലാർ ഡിസ്ലൊക്കേഷൻ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. താഴത്തെ താടിയെല്ല് യഥാസ്ഥാനത്ത് നിന്ന് മാറിപ്പോവുന്നതാണ് ഇതിന് കാരണമാവുന്നത്. തലയോട്ടിയുമായി താടിയെല്ലിനെ ബന്ധിപ്പിക്കുന്ന ഭാഗത്ത് നിന്നാണ് ഇവ മാറിപ്പോവുന്നത്. സംസാരം, ആഹാരം ചവയ്ക്കുക, വായ്ക്കോട്ട വിടുക അടക്കമുള്ള കാര്യങ്ങൾക്കിടയ്ക്ക് ഇത്തരം സ്ഥാന ചലനം വരാനുള്ള സാധ്യതയുണ്ട്.