
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ എൻഡിഎ മഹാസഖ്യത്തേക്കാൾ ബഹുദൂരം മുന്നിലാണ്. ബിഹാറിൽ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
"അരാജകത്വത്തിന്‍റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ഇത് വികസനത്തിന്‍റെ വിജയമാണ്. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്‍റെ ഊഴമാണ്"- മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്നത്തെ യുവതലമുറ ആ പഴയ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും മുതിർന്നവർ കണ്ടിട്ടുണ്ട്. തേജസ്വി യാദവ് ഒരു ചെറിയ കാലയളവിൽ പോലും ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ, കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ കണ്ടതാണെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു.
വോട്ടെണ്ണൽ പുരോഗമിക്കവേ രാവിലെ 11 മണി വരെയുള്ള ലീഡ് വിവരങ്ങൾ അനുസരിച്ച്, 243 അംഗ ബിഹാർ നിയമസഭയിൽ 190 സീറ്റുകളിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്. തേജസ്വി യാദവിന്‍റെ ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യം 50 സീറ്റുകളിലാണ് മുന്നിലുള്ളത്.
ഭരണകക്ഷിയായ എൻഡിഎ സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിച്ചിച്ചത്. ഒമ്പത് എക്സിറ്റ് പോളുകൾ അങ്ങനെയാണ് പ്രവചിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ തുടർച്ചയായി അഞ്ചാം തവണയും തന്‍റെ സ്ഥാനം നിലനിർത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam