Bipin Rawat Death : 'അഗാധ ദുഃഖം', ബിപിൻ റാവത്തിന്റെ വിയോ​ഗത്തിൽ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോകരാജ്യങ്ങൾ

Published : Dec 09, 2021, 07:05 AM ISTUpdated : Dec 09, 2021, 07:18 AM IST
Bipin Rawat Death : 'അഗാധ ദുഃഖം', ബിപിൻ റാവത്തിന്റെ വിയോ​ഗത്തിൽ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോകരാജ്യങ്ങൾ

Synopsis

അഗാധ ദുഃഖം ഇന്ത്യയെ അറിയിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. 

ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ (Bipin Rawat Death) ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും. അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും അനുശോചനം അറിയിച്ചു. ഇന്ത്യന്‍ ജനതയുടെ വേദനയില്‍ പങ്കുചേരുമെന്ന് യുഎന്‍ അറിയിച്ചു. 

പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പ്രസ്താവനയിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. 'ഇന്ത്യൻ സൈന്യത്തിന്റെയും ജനതയുടെയും വേദനയിൽ പങ്കുചേരുന്നു'വെന്ന് അദ്ദേഹം അറിയിച്ചു. ബിപിൻ റാവത്തിനെ അനുസ്മരിച്ച്  യുഎസ് സംയുക്ത സൈനിക മേധാവിയും രംഗത്തെത്തി. ഇന്ത്യ -യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയെന്ന്  ജനറൽ മാർക്ക് മില്ലി അദ്ദേഹത്തെ സ്മരിച്ചു. അഗാധ ദുഃഖം ഇന്ത്യയെ അറിയിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. 

ജനറൽ ബിപിൻ റാവത്തിന്‍റെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകൾക്കെല്ലാം ചുക്കാൻ പിടിച്ച സേനകളുടെ തലവനായിരുന്നു ബിപിന്‍ റാവത്ത്. അവസാന  ശ്വാസത്തിലും രാജ്യത്തെ സേവിച്ച്, രാജ്യത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങിയാണ് സേനാ നായകന്‍റെ മടക്ക യാത്ര.

Read More: Army Helicopter crash : കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ്  രക്ഷപ്പെട്ടത്. 

ദില്ലിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്.  മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. 

തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിൻ റാവത്തിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കരവ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'