Asianet News MalayalamAsianet News Malayalam

Army Helicopter crash : കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും

അസി. വാറന്‍റ് ഓഫീസർ എ പ്രദീപ് ആണ് മരിച്ചത്. അറക്കൽ രാധാകൃഷ്‌ണന്‍റെ മകനായ പ്രദീപ് തൃശൂർ സ്വദേശിയാണ്. ഭാര്യ ശ്രീലക്ഷ്മി. രണ്ട് മക്കൾ.

malayali killed in coonoor army helicopter crash
Author
Coonoor, First Published Dec 8, 2021, 9:42 PM IST

ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് (Bipin Rawat) ഉൾപ്പെടെ 13 പേരുടെ മരണത്തിന് കാരണമാക്കിയ കാനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) മരിച്ചവരിൽ മലയാളി സൈനികനും. അസി. വാറന്‍റ് ഓഫീസർ എ പ്രദീപ് ആണ് മരിച്ചത്. അറക്കൽ രാധാകൃഷ്‌ണന്‍റെ മകനായ പ്രദീപ് തൃശൂർ സ്വദേശിയാണ്. 

ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസർ പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.

2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന്  ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക  പ്രശംസ നേടാനായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്.  ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻ്റെ കുടുംബം.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

ദില്ലിയില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്യം ആ ദുരന്ത വാര്‍ത്ത കേട്ടത്. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിൻ റാവത്തിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.

Also Read: ധീരനായ സൈനികൻ, രാജ്യത്തെ ആദ്യ സംയുക്ത സേനാ തലവൻ; ബിപിൻ റാവത്തിന് വിട

അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കരവ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്. അപകടത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഇന്ന് തന്നെ വിശദമായ പ്രസ്താവന രാജ്നാഥ് നടത്തുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും നാളത്തേക്ക് മാറ്റി. ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാനുള്ള സാഹചര്യം പരിഗണിച്ചാണിതെന്ന് സൂചനയുണ്ട്. 

സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര. ഇതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:

1. ജനരൽ ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ LS ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്
5. എൻ കെ ഗുർസേവക് സിംഗ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ

Follow Us:
Download App:
  • android
  • ios